കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്നതിന് രൂപീകരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അന്വേഷണത്തിന് തുല്യമായിരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്നതിന് രൂപീകരിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അന്വേഷണത്തിന് തുല്യമായിരിക്കുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു. ജില്ലാ സെക്രട്ടറി പറയുന്നതിന് വിരുദ്ധമായ ഒന്നും എഴുതുവാൻ പ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥ സംഘത്തെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിടുന്നതിന് വേണ്ടി നടത്തിയിരിക്കുന്ന തട്ടിപ്പ് മാത്രമാണ്.
സാബുവിന്റെ ആത്മഹത്യയെ സംബന്ധിച്ച് ഇടുക്കി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി എന്ന നിലയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കണം. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെക്കൊണ്ട് അന്വേഷണം നടത്തി സാബുവിന്റെ കുടുംബത്തിന് നീതി നടത്തിക്കൊടുക്കുവാൻ അദ്ദേഹം തയ്യാറാണോ?.
സിപിഎം കുടുംബത്തോടൊപ്പമാണെന്ന് പറയുന്നത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തപ്പോൾ സിപിഎം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞതിന് തുല്യമാണ്. പ്രതിയായ പി പി ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദ്ദേശം നൽകുകയും ഒളിച്ചിരിക്കുന്നതിന് പാർട്ടി ഓഫീസുകളിൽ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്ത പാർട്ടിയാണ് സിപിഎം. കൊലക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചപ്പോൾ സ്വാതന്ത്ര്യസമര പോരാളിയെ സ്വീകരിക്കുന്നതുപോലെ സ്വീകരണയോഗം സംഘടിപ്പിച്ചതിന് കേരള ജനത സാക്ഷികളാണ്.
എതിരാളികളെ ഭീഷണിപ്പെടുത്തുക, അടിക്കുക, തിരിച്ചടിക്കുക എന്നീ നിലകളിലാണ് സംഘടനാ പ്രവർത്തനം നടത്തേണ്ടതെന്ന് അണികളെ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്ന എം എം മണിയുടെ അനുയായിയായ മുൻ ഏരിയ സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തലിൽ അസ്വഭാവികത ഒന്നുമില്ലെന്ന പുതിയ ഏരിയ സെക്രട്ടറിയുടെ അഭിപ്രായത്തിന് വിരുദ്ധമായി റിപ്പോർട്ട് എഴുതുവാൻ ധൈര്യമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും അന്വേഷണ സംഘത്തിലില്ല. അധ്വാനിച്ചുണ്ടാക്കിയ പണം സഹകരണ സ്ഥാപനത്തിൽ നിക്ഷേപിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട പ്രായമായ മാതാപിതാക്കൾക്കും രോഗാവസ്ഥയിലുള്ള ഭാര്യക്കും വിദ്യാർത്ഥികളായ മക്കൾക്കും നീതി ലഭിക്കുന്നതിന്സത്യസന്ധരായ ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപ്പിക്കണം.
സാബുവിന്റെ കുടുംബത്തിന് സഹകരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുവാനുള്ള പണം അടിയന്തരമായി തിരിച്ചു നൽകുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കണം. അന്വേഷണം സത്യസന്ധരായ പോലീസ് സംഘത്തെ ഏൽപ്പിക്കുക, കുടുംബത്തിന് ലഭിക്കുവാനുള്ള പണം തിരികെ നൽകുക എന്നീ കാര്യങ്ങളിൽ ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജില്ലയിൽ വ്യാപകമായ സമരപരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്നും ചെയർമാൻ അറിയിച്ചു.