വാഴൂര്‍ സോമന്‍ എംഎല്‍എയുടെ വിയോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ അനുശോചന സന്ദേശം

എക്കാലവും തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയിരുന്ന സൗമ്യനായ നേതാവായിരുന്നു വാഴൂര്‍ സോമന്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. ഇടുക്കി ജില്ലയുടെ മന്ത്രി എന്ന നിലയില്‍ ഞങ്ങള്‍ അടുത്തു പ്രവര്‍ത്തിക്കുന്നവരായിരുന്നു. അദ്ദേഹത്തിന്റെ അവസാന ശബ്ദവും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പീരുമേട് മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി അദ്ദേഹം നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി രാജമാണിക്യം ഐഎഎസ് ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അതില്‍ പരാമര്‍ശിച്ചിരുന്ന ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഇന്നും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം യോഗത്തില്‍ ചൂണ്ടിക്കാട്ടി.
പകല്‍ മുഴുവന്‍ മഴ നനഞ്ഞു ജോലി ചെയ്യുന്ന തൊഴിലാളികള്‍ രാത്രിയിലും ചോര്‍ന്നൊലിക്കുന്ന ലയങ്ങളില്‍ താമസിക്കേണ്ട സാഹചര്യമാണുള്ളതെന്നും തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നും തൊഴിലാളികള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം യോഗത്തില്‍ വാദിച്ചു.
സത്രം എയര്‍ സ്ട്രിപ്പ് സംബന്ധിച്ച വനം വകുപ്പുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും എയര്‍ സ്ട്രിപ്പ പ്രവര്‍ത്തന സജ്ജമാക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തിനു ശേഷം പുറത്തിറങ്ങുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തത്.
പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികളുടെ വിഷയങ്ങള്‍ നന്നായി പഠിക്കുകയും അവരുടെ അവകാശങ്ങള്‍ക്കായി വാദിക്കുകയും ചെയ്തിരുന്ന നേതാവാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനും പ്രത്യേകിച്ച്, പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്കും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. ഈ ആകസ്‌കിമ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്.
ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ച് അവസാന നിമിഷം വരെ കര്‍മനിരതനായാണ് വാഴൂര്‍ സോമന്‍ ജീവിതം ജീവിച്ചു തീര്‍ത്തത്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള വേദനയില്‍ ഞാനും പങ്കുചേരുന്നു.