വനമേഖലയോട് ചേര്‍ന്നുള്ള ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി നിയോജക മണ്ഡലത്തിലെ വന മേഖലയോട് ചേര്‍ന്നുള്ള ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി വനം വകുപ്പുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വനം മന്ത്രി എ.കെ. ശശീശന്ദ്രനുമായി നടത്തി ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉടന്‍ പരിശോധിച്ചു നടപടി സ്വീകരിക്കാന്‍ ഡിഎഫ്ഒ കോതമംഗലത്തെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പാല്‍ക്കുളംമേട്, മീനുളിയാന്‍പാറ, കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് വന്നെത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണം. ഇതിനായി ആവശ്യമെങ്കില്‍ വന സംരക്ഷണ സമിതി രൂപീകരിച്ച് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും പ്രകൃതിയുടെ പരിപാലനം ഉറപ്പാക്കുകയും വേണം.
നിലവില്‍ ധാരാളം സഞ്ചാരികള്‍ എത്തുന്ന കാമാക്ഷി പഞ്ചായത്തിലെ കാല്‍വരി മൗണ്ട്, കാഞ്ചിയാര്‍ പഞ്ചായത്തിലെ മുനമ്പ് എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ ആസ്ഥാനമായ പൈനാവിനോട് ചേര്‍ന്നുള്ള മന്ത്രപ്പാറയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം പരിഹരിച്ച് വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം പരിഹരിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. മന്ത്രിമാരെ കൂടാതെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എല്‍. ചന്ദ്രശേഖര്‍ ഐ.എഫ്.എസ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ ഐ.എഫ്.എസ്, വനം-വന്യജീവി വകുപ്പ് അഡീഷണല്‍ സെക്രട്ടറി സൂസന്‍ ഗോപി എന്നിവര്‍ പങ്കെടുത്തു.