നെടുംകണ്ടത് റോഡിന് സമീപത്തേക്ക് കൂറ്റൻ പാറ ഉരുണ്ടു വീണു; ഒഴിവായത് വൻ അപകടം

നെടുംകണ്ടത് റോഡിന് സമീപത്തേക്ക് കൂറ്റൻ പാറ ഉരുണ്ടു വീണു. റോഡരുകിൽ ഓട്ടോ റിക്ഷക്ക് കേടുപാടുകൾ പറ്റി.ഇന്ന് (തിങ്കൾ) ഉച്ചയോടെയാണ് സംഭവം. ബി എഡ് കോളേജിന് എതിർ വശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വലിയ പാറകല്ല് നിരങ്ങി റോഡിന് സമീപത്തേക്ക് പതിക്കുകയായിരുന്നു.
ഇവിടെ ഉണ്ടായിരുന്ന ഓട്ടോയുടെ പിൻ ഭാഗത്ത് ഇടിച്ചാണ് കല്ല് നിന്നത്. ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചു. കോളേജ്, കെ എസ് ആർ ടിസി ഗാരെജ്, പെട്രോൾ പമ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്താണ് അപകടം നടന്നത്. സംഭവ സമയം നിരവധി വാഹനങ്ങളും സമീപ പ്രദേശത്ത് നിർത്തിയിട്ടിരുന്നു.
ഓട്ടോറിക്ഷക്ക് അല്ലാതെ മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കനത്ത മഴയിൽ മണ്ണ് ഒലിച്ചു പോയതിനെ തുടർന്നാണ് കല്ല് ഉരുണ്ടു വീണത്. സമീപത്ത് നിരവധി കല്ലുകൾ അപകട ഭീഷണി ഉയർത്തി സമാനമായ സാഹചര്യത്തിൽ നിൽപ്പുണ്ട്.