'സ്വാതന്ത്ര്യം ജീവവായു, ജനാധിപത്യം വെളിച്ചം, ബഹുസ്വരത ദര്‍ശനം' ; സ്വാതന്ത്ര്യദിനാശംസകള്‍

79-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു രാജ്യം. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തി ജനാധിപത്യത്തിലേക്ക് ഇന്ത്യ ഉണര്‍ന്നിട്ട് നാളേക്ക് 78 വര്‍ഷമാകും. 1947 ആഗസ്റ്റ് 15 നായിരുന്നു ഇന്ത്യ സ്വതന്ത്രമായത്. ധീരരായ നിരവധി രക്തസാക്ഷികള്‍ സ്വന്തം ജീവനും രക്തവും നല്‍കിയാണ് ഇന്ത്യയെ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചത്.
കോഴിക്കോടിന് അടുത്തുള്ള കാപ്പാട് കടല്‍തീരത്ത് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ 1498 ല്‍ കപ്പലിറങ്ങിയതോടെയാണ് ഇന്ത്യയില്‍ വിദേശാധിപത്യത്തിന് തുടക്കം കുറിക്കുന്നത്. 1757ല്‍ പ്ലാസ്സി യുദ്ധത്തില്‍ ബ്രീട്ടിഷ് സൈന്യം ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയ്ക്ക് മേല്‍ അധീശത്വം സ്ഥാപിച്ചു. ഈ യുദ്ധമാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ശക്തമാവുന്നതിനു കാരണമായത്.
മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, എകെജി, കേളപ്പന്‍, ഝാന്‍സി റാണി, സരോജിനി നായിഡു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ധീര രാജ്യസ്‌നേഹികളാണ് നമ്മള്‍ ഇന്ന് കാണുന്ന ഇന്ത്യയെ രൂപപ്പെടുത്താന്‍ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചത്. ആഗസ്റ്റ് 15 ന് രാജ്യത്തെല്ലായിടത്തും ദേശീയ പതാക ഉയര്‍ത്തും. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന ഈ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസ നേരാം...