കട്ടപ്പന നഗരത്തിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധം ഉയർത്തി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന കെഎസ്ഇബി ഓഫീസിൽ എത്തി പ്രതിഷേധം അറിയിച്ചു

കട്ടപ്പന ടൗണിൽ നിരന്തരമായി വൈദ്യുതി മുടക്കം ഉണ്ടാകുന്നത് വ്യാപാര മേഖലയെ പ്രതിസന്ധിയിൽ ആക്കുകയാണ്. കേബിൾ സംവിധാനത്തിലേക്ക് വൈദ്യുതി ലൈൻ മാറുന്നതിനാൽ ആണ് നിലവിൽ വൈദ്യുതി മുടങ്ങുന്നത്. എന്നൽ ഈ പണികൾ വേഗത്തിൽ ആക്കി സമയ ബന്ധിതമായി പൂർത്തിയാക്കിയാൽ ഈ തടസ്സത്തിന് ഒരു പരിഹാരം ഉണ്ടാകും എന്ന് വ്യാപാരി വ്യവസായി സമിതി പറയുന്നു.
എന്നാൽ ഇതിന് തയ്യാറാകാതെ കരാറുകാർ ഈ നവീകരണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതാണ് വൈദ്യുതി നിരന്തരമായി ടൗണിൽ മുടങ്ങുന്നതിന് കാരണം എന്ന് വ്യാപാരി വ്യവസായി സമിതി പറയുന്നു. കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഒരു നടപടി ഉണ്ടാകുന്നില്ല. നിലവിൽ വൈദ്യുതി നിരന്തരമായി മുടങ്ങുന്നതോടെ കട്ടപ്പനയിലെ ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഭീമമായ വാടക ഉൾപ്പെടെ നൽകി വ്യാപാരം നടത്തുന്ന ചെറുകിട കച്ചവടക്കാരെ തകർച്ചയുടെ വക്കിലേക്ക് നയിക്കുന്ന നടപടിയാണ് കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് മജീഷ് ജേക്കബ് പറഞ്ഞു.അടിയന്തരമായി വൈദ്യുതി ലൈൻ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത്.
അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം വ്യാപാരികളെ അണിനിരത്തി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകുന്നുണ്ട്. ഇതിനുമുമ്പും നിരവധി നിവേദനങ്ങൾ ഈ വിഷയത്തിൽ കെഎസ്ഇബി ആധികൃതർക്ക് മുൻപാകെ നൽകിയെങ്കിലും ഇതൊന്നും ബന്ധപ്പെട്ടവർ മുഖവിലക്ക് എടുക്കുന്നില്ല എന്ന കാഴ്ചയാണ് കാണുന്നതെന്നും വ്യാപാരി വ്യവസായി സമിതി പറയുന്നു.ഇതിനാൽ അടിയന്തരമായി പണികൾ പൂർത്തീകരിച്ച് നിലവിലെ പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.