മൂന്നാർ നഗറിൽ റോഡിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് രാത്രികാലത്ത് അജ്ഞാതർ കേടുപാടുകൾ വരുത്തുന്നതായി പരാതി

മൂന്നാർ നഗറിൽ റോഡിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതർ ആക്രമണം നടത്തുന്നത്.നിർത്തിയിടുന്ന വാഹനങ്ങൾക്ക് രാത്രികാലത്ത് കേടുപാടുകൾ വരുത്തുന്നത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്നാർ എം ജി നഗറിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൻ്റെ മുൻഭാഗത്തെ ചില്ല് അജ്ഞാതർ തകർത്തു.
രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സമാന സംഭവങ്ങൾ ഈ പ്രദേശത്ത് ആവർത്തിക്കുന്ന സാഹചര്യമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.ദിവസങ്ങൾക്ക് മുമ്പ് റോഡിൽ നിർത്തിയിട്ടിരുന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിന് അജ്ഞാതർ കേടുപാടുകൾ വരുത്തുകയും ഇവർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരേ പോലെ ഈ വിഷയത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു.