കട്ടപ്പന നിർമ്മലാസിറ്റി വാഴവര പി എം ജി എസ് വൈ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ

കട്ടപ്പന നിർമലാസിറ്റി വാഴവര പിഎംജി എസ് വൈ റോഡിന്റെ സംരക്ഷണഭിത്തിയാണ് കഴിഞ്ഞദിവസം ഇടിഞ്ഞത് .റോഡിന് താഴ്വശത്ത് താമസിക്കുന്ന ടി ജെ ജോണിന്റെ വീടിൻറെ ഒരു ഭാഗത്തേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്. ഇതോടെ അപകട ഭീഷണി മുന്നിൽകണ്ടാണ് ഈ കുടുംബം ഇവിടെ താമസിക്കുന്നത്.
മണ്ണ് ഇടിഞ്ഞ ഭാഗത്ത് വീണ്ടും ഇടിയാനുള്ള സാധ്യത നിലനിൽക്കുകയാണ്. ടോറസ് ലോറികളും വലിയ സ്കൂൾ ബസുകളും അടക്കം ഇതുവഴി കടന്നു പോകുന്നതാണ്. ഈ വാഹനങ്ങൾ റോഡിൻറെ ഈ വശം ചേർന്ന് വന്നാൽ മണ്ണ് കൂടുതലായി ഇടിയാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
വർഷങ്ങൾക്കു മുമ്പ് റോഡ് നിർമ്മിച്ച സമയത്ത് എടുത്തിട്ട മണ്ണാണ് ഈ ഭാഗത്തുള്ളത് ഇതിനാൽ വലിയ ഉറപ്പ് ഈ മണ്ണിൽ ഇല്ല. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇതിനാൽ ഭയപ്പാടോടെയാണ് ഈ കുടുംബം ഇവിടെ കഴിയുന്നത്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ അപകട ഭീഷണിക്ക് ഒരു പരിഹാരം കണ്ടെത്തി നൽകണമെന്ന് ആവശ്യമാണ് ഈ കുടുംബം മുന്നോട്ട് വെക്കുന്നത്.