കട്ടപ്പന നഗരസഭ നിർമ്മലാ സിറ്റിയിൽ നടപ്പുവഴിയിൽ സ്വകാര്യ വ്യക്തികളുടെ ഇടപെടൽ മൂലം 50 ഓളം കുടുംബങ്ങൾക്ക് യാത്ര ദുരിതം ഉണ്ടാകുന്നു എന്ന് പരാതി

കട്ടപ്പന ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോൾ ആസ്തിരജിസ്റ്ററിൽ ചേർത്ത നടപ്പുവഴിയാണ് നിർമ്മലാ സിറ്റി ഉലകന്നാൻ തടം പടി- വെട്ടു കല്ലാംകുഴി പടി റോഡ്.
ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പുവഴിയിൽ ഏതാനും ദൂരത്തിൽ കോൺക്രീറ്റ് നിർമ്മിക്കുകയും നടകൾ അടക്കം നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിയുള്ള ഭാഗം മൺവഴിയായി തന്നെയാണ് കിടക്കുന്നത്. ആസ്തി രജിസ്റ്ററിൽ മൂന്നടി വീതിയാണ് പാതയ്ക്കുള്ളത്. മേഖലയിലെ അമ്പതോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
കോൺക്രീറ്റ് കഴിഞ്ഞ് മൺഭാഗമുള്ളിടത്ത് ഏതാനും സ്വകാര്യവ്യക്തികൾ ഇരുഭാഗം വേലികൾ സ്ഥാപിച്ചിരിക്കുകയാണ്. ഒരാൾ ഇരുമ്പു മുള്ളു വേലിസ്ഥാപിച്ചു മറ്റൊരാൾ ചെമ്പരത്തി വേലിയും സ്ഥാപിച്ചു.വർഷങ്ങൾ കഴിഞ്ഞതോടെ മണ്ണിടിഞ്ഞും മറ്റുമായി റോഡിന്റെ സ്വാഭാവിക വീതി നഷ്ടപ്പെട്ടു.
ഇതോടെ മൂന്നടി വീതിയുണ്ടായിരുന്ന റോഡിന് ഇപ്പോൾ ഒന്നര അടി വീതി മാത്രമായി ചുരുങ്ങി എന്നാണ് നാട്ടുകാരുടെ പരാതി. കൂടാതെ കാൽനടയാത്രക്കാർക്ക് പലപ്പോഴും അപകടങ്ങളും ഉണ്ടാകുന്നു എന്നും നാട്ടുകാർ പറയുന്നു.മഴക്കാലമാകുന്നതോടെ കോൺക്രീറ്റ് ഇല്ലാത്ത ഭാഗങ്ങളിൽ വഴുക്കലുണ്ടാവുകയും കാൽനടയായി യാത്ര ചെയ്യുന്ന ആളുകൾ തെന്നി വീഴുന്നതും പതിവാണ്.
കഴിഞ്ഞദിവസം സ്ത്രീ ഇവിടെ വീണ് പരിക്കേറ്റിരുന്നു. അതിനു പിന്നാലെ സ്കൂൾ വിദ്യാർത്ഥിയും തെന്നിവണ് പരിക്കേറ്റു. തെന്നി വീഴുന്നവർ റോഡരുകിൽ നിർമ്മിച്ചിരിക്കുന്ന ഇരുമ്പ് വേലിയിൽ ഉരഞ്ഞും ഇടിച്ചുമാണ് പരിക്കേൽക്കുന്നത്. നിരവധി ആളുകളുടെ യാത്രാമാർഗ്ഗത്തിനൊപ്പം മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതിയിലേക്കുള്ള പാത കൂടിയാണിത്.
ഇരുമ്പ് കമ്പിക്കൊപ്പം ചെമ്പരത്തി കമ്പുകൾ ഉപയോഗിച്ചും വേലുകൾ നിർമ്മിച്ചിട്ടുണ്ട്. ഇത് മഴക്കാലത്ത് വളർന്നു പന്തലിച്ച് വഴി കൂടുതൽ ഇടുങ്ങുന്നതിന് കാരണമായി. ഇത് വെട്ടിമാറ്റാൻ നാട്ടുകാർ മുന്നിട്ടിറങ്ങുമ്പോൾ സ്വകാര്യ വ്യക്തികൾ തടസ്സവാദം ഉന്നയിക്കുന്നു എന്നും പരാതിയുണ്ട് . രോഗാവസ്ഥയിലുള്ളവരെ അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പോലും സാധിക്കുന്നില്ല,.
അതിനോടൊപ്പം സ്കൂൾ വിദ്യാർത്ഥികൾ അടക്കം വലിയ ദുരിതമാണ് നേരിടുന്നത് .വിഷയത്തിൽ നഗരസഭ അധികൃതർക്കും ജില്ലാ കളക്ടർക്കും നാട്ടുകാർ പരാതി നൽകി. കഴിഞ്ഞദിവസം നഗരസഭ അധികൃതർ റോഡ് സന്ദർശിക്കുകയും ചെയ്തു. ഇടുങ്ങിയ വഴി മാറ്റി സുഖമമായി കാൽനടയാത്ര ചെയ്യാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.