ഇടുക്കി വോളി അക്കാദമിക്ക് 1.50 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കിയില്‍ പ്രവര്‍ത്തിച്ച് വരുന്ന വോളിബോള്‍ അക്കാഡമി ഹോസ്റ്റലിന്റെ നവീകരണത്തിനും ഇതര പ്രവര്‍ത്തികള്‍ക്കുമായി 1,50,24,000 രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കായികവും യുവജനകാര്യവും വകുപ്പ് മുഖേനയാണ് അക്കാഡമിയിലെ കായിക താരങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന പ്രവര്‍ത്തികള്‍ക്കായി തുക അനുവദിച്ചിരിക്കുന്നത്.
നിലവിലുള്ള ഹോസ്റ്റലിലെ വിദ്യാത്ഥികള്‍ പരിശീലനം നടത്തുന്ന ഇന്‍ഡോര്‍ കോര്‍ട്ടിന്റെ തടി പാകിയിരുന്ന അടിത്തറ പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറി ജീര്‍ണിക്കുകയും പരിശീലനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലുമായിരുന്നു.തറയുടെ നവീകരണത്തിനും രാത്രിയില്‍ ഉള്‍പ്പെടെ പരിശീലനം നടത്തുന്നതിന് ലൈറ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.ഇതോടൊപ്പം ഹോസ്റ്റൽ നവീകരണവും കിച്ചൻ നവീകരണവും നടത്തുമെന്നും മന്ത്രി അറിയിച്ചു.
കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമുള്ള എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള 24 വിദ്യാര്‍ത്ഥികളാണ് നിലവില്‍ ഹോസ്റ്റലില്‍ താമസിച്ച് പരിശീലനം നടത്തി വരുന്നത്. സമീപമുള്ള മരിയാപുരം, വാഴത്തോപ്പ് സ്‌കൂളുകളിലാണ് ഈ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്.
പ്രത്യേക പരിശീലകന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, സ്വീപ്പര്‍, കുക്ക് ഉള്‍പ്പെടെ 4 ജീവനക്കാരാണ് ഹോസ്റ്റലിലുള്ളത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേനയാണ് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയത്. കഴിഞ്ഞ മാസം കായിക യുവജന ക്ഷേമ മന്ത്രി വി. അബ്ദുറഹിമാന്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇടുക്കിയില്‍ എത്തിയപ്പോള്‍ വോളിബോള്‍ അക്കാഡമിയില്‍ എത്തിച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുക വേദത്തില്‍ അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.