കട്ടപ്പന നഗരസഭ ഓഫീസിന് മുൻഭാഗത്ത് വിരിച്ചിരിക്കുന്ന ടൈലുകൾ ഇളകി കാൽനട യാത്രക്കാർക്ക് ദുരിതം

ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി കട്ടപ്പന നഗരസഭയിലെത്തുന്ന ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുകയാണ് നഗരസഭ കാര്യാലയത്തിന് മുന്നിൽ വിരിച്ചിരിക്കുന്ന ടൈലുകൾ. ഉറവ അധികമുള്ള മേഖലയിലാണ് നഗരസഭ കെട്ടിടം നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മഴക്കാലമാകുന്നതോടെ ഇവിടെ വെള്ളം ഒഴുക്ക് കൂടുതലാണ്.
കൃത്യമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാൽ നഗരസഭ മൈതാനത്തിൽ നിന്നടക്കം വലിയ തോതിലാണ് ഉറവ ജലം നഗരസഭ ഓഫീസിന് മുന്നിലേ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് എത്തുന്നത്.ഏതാനും വർഷങ്ങൾക്കു മുമ്പ് വിരിച്ച ടൈലുകൾ എല്ലാം ഇളകിയ നിലയിലാണ്. ടൈലുകൾക്കിടയിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം വാഹനങ്ങൾ പോകുമ്പോൾ നഗരസഭയിലേക്ക് എത്തുന്ന ആളുകളുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവായിരിക്കുകയാണ്.
കാൽനടയായി യാത്ര ചെയ്യുമ്പോഴും ടൈലുകൾ ഇളക്കി ചെളിവെള്ളം തെറിക്കുന്നത് സ്ഥിരമാണ്. വിഷയം നിരവധി തവണ നഗരസഭ അധികാരികൾ മുമ്പാകെ എത്തിച്ചെങ്കിലും ശാശ്വതമായ നടപടികൾ ഉണ്ടായിട്ടില്ല. അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ വേണ്ട നടപടികൾ ആരംഭിച്ചു.
പാർക്കിംഗ് ഗ്രൗണ്ടിൽ കോൺക്രീറ്റ് ചെയ്ത ശേഷം വീണ്ടും ടൈഡുകൾ വിരിക്കുന്നതിനും ഓട നിർമ്മിക്കുന്നതിനും 5 ലക്ഷം രൂപ വകയിരുത്തി നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും, ഉടൻ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നും നഗരസഭ പൊതുമരാമത്ത് വകുപ്പ് ചെയർമാൻ സിബി പാറപ്പായി പറഞ്ഞു. വിഷയത്തിൽ മുൻപ് നിരവധി പരാതികൾ ഉയർന്നിരുന്നു. അന്നെല്ലാം അറ്റകുറ്റ പണികളും നടത്തി. എന്നാൽ വീണ്ടും ടൈലുകൾ ഇളകി പ്രശ്നം ഉടലെടുക്കുന്നതോടെ പ്രതിഷേധവും ശക്തമാവുകയാണ്. .