ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം വീട്ടിലേക്കുള്ള റോഡ് നിർമ്മിക്കാൻ ST ഫണ്ട് ദുരുപയോഗം ചെയ്‌തത് അന്വേഷിക്കണം ; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ

കരിഞ്ഞാറ്റില്‍പ്പടി- കാരിയാടിപ്പടി റോഡിന്റെ പേരിലാണ് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അനുവദിച്ച 4 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് നിര്‍മിച്ചത്. ഈ റോഡ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമില്ലാതെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി. എസ്ടി ഫണ്ട് വിനിയോഗിക്കണമെങ്കില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. കൂടാതെ, റോഡിന്റെ ഇരുവശങ്ങളിലുമായി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 5 കുടുംബങ്ങളെങ്കിലും താമസിക്കണം.
എന്നാല്‍, പഞ്ചായത്ത് പ്രസിഡന്റ് മാത്രം ഗുണഭോക്താവായ റോഡിന് എങ്ങനെ ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അന്വേഷിക്കണം. ഉദ്യോഗസ്ഥരുടെ അനുമതിയോടെ വ്യാജരേഖ നിര്‍മിച്ചാണ് അനുമതി വാങ്ങിയതെന്നും സംശയിക്കുന്നു. ഇക്കാര്യങ്ങള്‍ കാട്ടി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും ഫ്രാൻസിസ് പറഞ്ഞു .
പഞ്ചായത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിരവധി അഴിമതികളും അധികാര ദുര്‍വിനിയോഗവും നടന്നിട്ടുണ്ടെന്നും ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിന് തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നു. ചെമ്പകപ്പാറ- ചാണ്ടിപ്പടി റോഡ് ആസ്തി രജിസ്റ്റര്‍ താന്‍ എഴുതിച്ചേര്‍ത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഈ റോഡ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചതായി രേഖകളുണ്ട്. ആസ്തി രജിസ്റ്ററില്‍ പതിച്ച സീലുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം പ്രസിഡന്റ് വെളിപ്പെടുത്തണം. ആസ്തി രജിസ്റ്ററില്‍ ആര് എഴുതിച്ചേര്‍ത്തുവെന്നും വ്യക്തമാക്കണം. വാക്കത്തി, മേമാരി കമ്യൂണിറ്റി ഹാളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുഴുവന്‍ ബില്ലുകളും മാറിയെന്ന ആരോപണവും വാസ്തവ വിരുദ്ധമാണ്.
പാര്‍ട്ട് ബില്ലുകള്‍ മാത്രമാണ് മാറിയത്. കൂടുതല്‍ തുക കൈപ്പറ്റിയെങ്കില്‍ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് തയാറാകണം. തനിക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.