കൊമ്പൊടിഞ്ഞാലിലെ കൂട്ടമരണം: മുഖ്യമന്ത്രിക്ക് ജനകീയ സമിതി ഭീമ ഹർജി അയച്ചു

2025 മെയ് മാസം ഒൻപതാം തീയതി കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാല്‍ പ്രദേശത്ത് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് വീടിനുള്ളില്‍ അഗ്നിക്കിരയായി വെന്ത് മരിച്ചത്.
പത്താം തീയതി വൈകിട്ട് 6 മണിയോട് കൂടിയാണ് സംഭവം പുറംലോകം അറിയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പിടിച്ചതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. പക്ഷേ ഇല്രക്ടിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇളയ കുട്ടി ഒഴികെ മറ്റ് മൂന്നുപേരും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു കാണപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും മരണപ്പെട്ട സംഭവത്തിന് സർക്കാർ വേണ്ടത്ര ഗൗരവം നൽകുന്നില്ല എന്നാണ് ആരോപണം ഉയരുന്നത്. ആദ്യം അന്വേഷണ ചുമതല വെള്ളത്തൂവല്‍ സി.ഐ ക്ക് ആയിരുന്നു. പിന്നീട് ഇടുക്കി ഡി.വൈ.എസ്.പി ജില്‍സണ്‍ മാത്യുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എന്നാല്‍ ഇദ്ദേഹത്തിനെ ആലപ്പുഴ ജില്ലാ എ.എസ്.പി ആയി നിയമിച്ചു.നിലവിൽ ഈ അന്വേഷണം മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത് എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വേണ്ടത്ര ഗൗരവം നൽകുന്നില്ല എന്നാരോപ്പിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കേരള സംസ്ഥാനം മുഖ്യമന്ത്രിക്കും ഡിജിപിക്കും ജനകീയ സമിതി പരാതി അയച്ചത്. കേരള ഗവർണർ, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ എന്നിവർക്കും പരാതിയുടെ കോപ്പി അയച്ചിട്ടുണ്ട്.