റോഡ് നിർമാണത്തിന് തടസ്സം സൃഷ്‌ടിക്കാൻ എം പി യുടെ ഒത്തുകളിയും ഗൂഢാലോചനയും: സിപിഐ എം

കൊച്ചി–-ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം വാളറഭാഗത്തെ റോഡ് നിർമാണം തടസ്സപ്പെടുത്താൻ എംപിയും ബിജെപിയുമായി ഒത്തുകളിച്ച് ഗൂഢാലോചന നടത്തിയതായി സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. റോഡ് നിർമാണത്തിന്റെ തുടക്കംമുതൽതന്നെ ദുരൂഹമായ ഗൂഢാലോചനയുടെ പരിസമാപ്‌തിയാണ് ഇപ്പോളുണ്ടായത്.
തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് റോഡ് നിർമാണത്തിന് അനുവദിക്കപ്പെട്ട സ്ഥലമാണിവിടം. 1996 ൽ എൽഡിഎഫ് സർക്കാരിന്റെ പ്രത്യേക ഉത്തരവും ഇതിനായി പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രവുമല്ല, ജോയ്‌സ് ജോർജ് എം പിയായിരിക്കെ കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി ഈ ഭാഗത്ത് ദേശീയപാത നിർമാണം നടത്തിയിട്ടുണ്ട്. സുഗമമായി റോഡ് നിർമാണം നടക്കുന്നതിനിടെ ഒരാൾ കോടതിയെ സമീപിച്ചത് സംശയം ഉണർത്തുന്നതാണ്.
ഹർജി പരിഗണിച്ച ഹൈക്കോടതി വനംവകുപ്പിനോട് റോഡ് നിർമാണം തടസ്സപ്പെടുത്തരുത് എന്ന നിർദ്ദേശവും നൽകി. പിന്നീട് ആ ഉത്തരവ് റിവ്യൂ ചെയ്യാൻ നൽകിയ കേസിൽ ഈ പ്രദേശം വനമാണോ അല്ലയോ എന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കുന്നില്ലെന്ന് വ്യക്തമാക്കി റിവ്യൂ പെറ്റീഷൻ അവസാനിപ്പിച്ചു.
എന്നാൽ, ബിജെപി നേതാവ് എം എൻ ജയചന്ദ്രൻ 2024 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 1980 ലെ വനസംരക്ഷണ നിയമം പുതുക്കിയ 2023 ലെ സെക്ഷൻ രണ്ട് പ്രകാരം കേന്ദ്രാനുമതി വാങ്ങണം എന്നായിരുന്നു ആവശ്യം. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ വസ്‌തുത വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എം എൻ ജയചന്ദ്രന്റെ ചുവട് പിടിച്ച് ഡീൻ കുര്യാക്കോസ് എം പി യുടെ സാന്നിധ്യത്തിൽ നടന്ന എൻഎച്ച്എഐ യോഗ തീരുമാനപ്രകാരം 2024 സെപ്‌തംബർ 12ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അനുമതി ചോദിച്ച് എൻഎച്ച്എ ഐ അപേക്ഷ നൽകി.
95 ഹെക്‌ടർ സ്ഥലം വിട്ടുകിട്ടണമെന്നായിരുന്നു ആവശ്യം. ഇത്തരത്തിൽ അപേക്ഷ നൽകേണ്ട ഒരാവശ്യം ഇല്ലെന്നിരിക്കെയാണ് ഗൂഢാലോചന അരങ്ങേറിയത്. അപേക്ഷയിൽ താൽക്കാലിക ക്ലിയറൻസ് നൽകുകയും, വ്യവസ്ഥകൾ പാലിച്ച് പുനരപേക്ഷ നൽകിയാൽ അന്തിമ അനുമതിനൽകുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ അന്തിമഅനുമതി വാങ്ങാതെ നിർമാണവുമായി മുന്നോട്ടുപോയതാണ് ഇപ്പോളുണ്ടായ പ്രതിസന്ധി.
തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് എം പി, റോഡ് നിർമാണം തടസ്സപ്പെടുത്തി സർക്കാരിനെതിരെ ജനരോക്ഷമുണ്ടാക്കാൻ നടത്തിയ ഗൂഢാലോചനയും ഒത്തുകളിയുമാണ് പുറത്തുവന്നത് . ഇടുക്കി–- -ഉടുമ്പന്നൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അനാവശ്യമായി കേന്ദ്രാനുമതിക്ക് അപേക്ഷ നൽകി നാടിനെ പ്രതിസന്ധിയിലാക്കിയതും എം പിയാണ്. സമാനമായരീതിയിൽ ഇപ്പോൾ ജനങ്ങളെ ബിജെപിയുമായി ചേർന്ന് ഒറ്റുകൊടുക്കുന്നത് അത്യന്തം നീചമായ വഞ്ചനയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.