ഇരുപതേക്കര്‍-പൊന്നിക്കവല റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു
ഇരുപതേക്കര്‍-പൊന്നിക്കവല റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന പാത അറ്റകുറ്റപ്പണി നടത്താത്ത നഗരസഭക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. കാലവര്‍ഷത്തില്‍ റോഡില്‍ ചെളി നിറഞ്ഞ് വാഹനഗതാഗതം ദുഷ്‌കരമായിരുന്നു. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് രൂപപ്പെട്ട കുഴികളില്‍ മഴവെള്ളത്തോടൊപ്പം കല്ലും മണ്ണും ഒലിച്ചെത്തി കെട്ടിക്കിടക്കുകയാണ്. 10 ലക്ഷം രൂപ അനുവദിച്ചിട്ടും കാലവര്‍ഷത്തിന് മുമ്പ് അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭ തയ്യാറായില്ല.
മലയോര ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ കോട്ടയം റൂട്ടിലുള്ള നിരവധി വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്.
സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജിയുടെ നേതൃത്വത്തില്‍ കെ എന്‍ ചന്ദ്രന്‍, ജോസ് ഇട്ടിയില്‍, ഷാജി കൂത്തോടി എന്നിവരാണ് നിവേദനം നല്‍കിയത്.