ഡോക്ടർമാരുടെ 12 തസ്തികകളുള്ള കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളത് ആറുപേർ മാത്രം. ഇവരെയും അത്യാഹിത വിഭാഗത്തിലേക്ക് നിയോഗിക്കേണ്ടി വരുന്നതിനാൽ ഇതിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും രോഗികൾക്ക് ലഭിക്കുന്നില്ല
ഡോക്ടർമാരുടെ 12 തസ്തികകളുള്ള കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളത് ആറുപേർ മാത്രം. ഇവരെയും അത്യാഹിത വിഭാഗത്തിലേക്ക് നിയോഗിക്കേണ്ടി വരുന്നതിനാൽ ഇതിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും രോഗികൾക്ക് ലഭിക്കുന്നില്ല.
സ്ഥിരം തസ്തികയിൽ 11 ഡോക്ടർമാരെയും ഒരു എൻഎച്ച്എം ഡോക്ടറെയുമാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ഓഫിസറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കി 11 പേർ ഉണ്ടെങ്കിലും അഞ്ചുപേരുടെ സേവനം ലഭിക്കുന്നില്ല. ഒരാൾ മെഡിക്കൽ അവധിയിലാണ്. ബാക്കിയുള്ളവരെല്ലാം അവധിയെടുത്തിരിക്കുകയുമാണ്.
രണ്ട് താൽക്കാലിക ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമായിരുന്ന സാഹചര്യത്തിലാണ് അടുത്തിടെ രണ്ട് സ്ഥിരം തസ്തികകളിലേക്ക് ഡോക്ടർമാരെ നിയമിച്ചത്. ഇതോടെ താൽക്കാലിക ഡോക്ടർമാരെ ഒഴിവാക്കി. എന്നാൽ പുതുതായി എത്തിയ രണ്ട് ഡോക്ടർമാർ അവധിയെടുത്തതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
രണ്ട് പീഡിയാട്രിക് ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഒരാളുടെ സേവനം രണ്ടുവർഷത്തോളമായി ജോലിക്രമീകരണ വ്യവസ്ഥതയിൽ അടിമാലി താലൂക്ക് ആശുപത്രിയിലാണ് ലഭിക്കുന്നത്. മറ്റൊരാളെ അത്യാഹിത വിഭാഗത്തിലേക്ക് നിയോഗിക്കുന്നതിനാൽ കുട്ടികൾക്ക് യഥാസമയം ചികിത്സ നൽകാനാവാതെ വരുന്നു. ഫോറൻസിക് സർജനെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുമ്പോൾ പോസ്റ്റുമോർട്ടം പോലും നടത്താനാകുന്നില്ല. കഴിഞ്ഞ ദിവസം രണ്ട് പോസ്റ്റുമോർട്ടം കേസുകൾ ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കാനാകാതെ വന്നതോടെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്‌ക്കേണ്ടിവന്നു.
താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും ആവശ്യത്തിന് ഡോക്ടർമാരുടെ തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. ഗൈനക്കോളജി അടക്കമുള്ള തസ്തികകൾ സൃഷ്ടിക്കാത്തതിനാൽ ആളുകൾ ഇടുക്കി, കോട്ടയം മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ടി വരുന്നു. എല്ലാ വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർ ഇല്ലാത്തതിനാലും എത്തുന്നവരിൽ പലരും അവധിയെടുക്കുന്നതിനാലും ഡ്യൂട്ടിയിലുള്ളവർ അധികജോലിഭാരത്താൽ വലയുകയാണ്. ജനറൽ ഒപിയിൽ പലദിവസങ്ങളിലും 230 രോഗികളെവരെ ഒരു ഡോക്ടർ ചികിത്സിക്കേണ്ട സാഹചര്യമാണ്.










