സി പി ഐ ഇടുക്കി ജില്ല സമ്മേളനവിജയത്തിനായി പാർട്ടി അംഗങ്ങളുടേയും അനുഭാവികളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നൽകിയിരുന്ന നാണയ കുടുക്കകൾ തിരികെ വാങ്ങി

ജൂലൈ 17, 18, 19, 20 തീയതികളിലായി കട്ടപ്പനയിൽ നടക്കുന്ന സി പി ഐ ജില്ല സമ്മേളന വിജയത്തിനായി പാർട്ടി പ്രവർത്തകരുടെ വീടുകളിലേക്കും , സ്ഥാപനങ്ങളിലേക്കും നൽകിയ നാണയ കുടുക്കകൾ നിറച്ചവരാണ് തിരികെ ഏൽപ്പിച്ച് തുടങ്ങി.മൂന്നു മാസങ്ങൾക്കുമുമ്പാണ് കട്ടപ്പന മണ്ഡലം കമ്മിറ്റിക്കു കീഴിൽവരുന്ന ഇരട്ടയാർ, കട്ടപ്പന സൗത്ത്, കട്ടപ്പന നോർത്ത്, കാഞ്ചിയാർ, സ്വരാജ്, അയ്യപ്പൻകോവിൽ എന്നീ ലോക്കൽ കമ്മിറ്റികളിലെ ആയിരത്തോളം പാർട്ടിഅംഗങ്ങളുടേയും അനുഭാവികളുടേയും വീടുകളിലും സ്ഥാപനങ്ങളിലേക്കും കുടുക്കകൾ വിതരണം ചെയ്തിരുന്നത്.
തങ്ങൾ നെഞ്ചിലേറ്റുന്ന പ്രസ്ഥാനത്തിൻ്റെ ജില്ല സമ്മേളന വിജയത്തിനായി തങ്ങൾ സ്വരുകൂട്ടിയ നാണയ കുടുക്കകൾ അവർ ഇന്നലെ ജില്ല സെക്രട്ടറി കെ. സലിം കുമാറിനു കൈമാറി.20 വർഷങ്ങൾക്കു ശേഷം കട്ടപ്പനയിലേക്കു തിരികെ എത്തുന്ന ജില്ല സമ്മേളനം വലിയ വിജയമാക്കി മാറ്റുന്ന ഒരുക്കത്തിലാണ് പാർട്ടി കുടുംബങ്ങൾ അടക്കമുള്ളവർ. ക്കാണയ കുടുക്കകൾ വീടുകളിൽ വച്ചപ്പോൾ മുതൽ കുടുക്കകൾ നിറക്കുവാനും പാർട്ടി നേതൃത്വത്തിനു കൈമാറുവാനുമുള്ള മത്സരത്തിലായിരുന്നു. കുടുംബങ്ങളിലെ കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ.
പല വീടുകളിലേയും കുട്ടികൾക്ക് മിഠായി വാങ്ങുന്നതിനും മറ്റുമായി വീട്ടുകാർ നൽകിയിരുന്ന ചില്ലറ തുട്ടുകൾ കുടുക്കുകളിൽ നിക്ഷേപിച്ചാണ് കുട്ടികൾ അച്ചനമ്മമാർക്കൊപ്പം സമ്മേളനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചത്.ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ സി പി ഐ കട്ടപ്പമണ്ഡലം സെക്രട്ടറി സി.എസ് അജേഷ് അദ്ധ്യക്ഷത വഹിച്ചു.സി പി ഐ ജില്ല കൗൺസിൽ അംഗം വി. ആർ ശശി, കെ.എൻ കുമാരൻ, ഗിരീഷ് മാലിയിൽ, അഡ്വ. കെ.ജെ ജോയിസ്, വി.റ്റി ഷാൻ എന്നിവർ പ്രസംഗിച്ചു.