മൂന്നാർ ഗ്യാപ് റോഡിലേക്ക് വീണ്ടും പാറ ഇടിഞ്ഞു വീണു

2017 -ൽ ദേശീയ പാത നവീകരണം ആരംഭിച്ച ശേഷം ഇതുവരെ ചെറുതും വലുതുമായ എട്ട് മണ്ണിടിച്ചിൽ ആണ് ഗ്യാപ് റോഡ് മേഖലയിൽ ഉണ്ടായിട്ടുള്ളത്. ഇതോടൊപ്പം കൂറ്റൻ പാറകല്ലുകൾ മലമുകളിൽ നിന്ന് വീണ സംഭവങ്ങളും നിരവധി. ഇത്തവണ മൺസൂൺ ആരംഭിയ്ക്കുന്നതിന് മുൻപ് വേനൽ മഴയിലും മണ്ണും കൂറ്റൻ പാറ കല്ലുകളും റോഡിലേക്ക് പതിച്ചിരുന്നു .
മണ്ണിടിച്ചിൽ ഉണ്ടായാൽ ദേശീയ പാതയിലൂടെയുള്ള ഗതാഗതം ദിവസങ്ങളോളം തടസപെടും. മേഖലയിലെ അപകട സാധ്യത കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനം ഒരുക്കുമെന്ന് രണ്ട് വർഷം മുൻപ് ദേശീയ പാത അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
ഐ ഐ ടി, കര സേന, ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ലാൻഡ് സ്ലിപ് ഡിറ്റക്ഷൻ സിസ്റ്റം ആണ് ഗ്യാപ് റോഡിൽ ഉപയോഗിയ്ക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന് ജില്ലാ ഭരണ കൂടത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായാൽ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകൾ ഒറ്റപ്പെടും.
ഇത് മേഖലയിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ആണ് ഉയർത്തുന്നത്. മുൻപ് കോഴിക്കോട് എൻ ഐ ടി യിലെ വിദഗ്ദ്ധ സംഘം ഇവിടം സന്ദർശനം നടത്തുകയും അപകട സാധ്യത ഉള്ള പാറകൾ പൊട്ടിച്ചു നീക്കി ചെരിഞ്ഞ പ്രഥലങ്ങളിൽ കോൺക്രീറ്റ് ഉപയോഗിച്ച് ബലപെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതിലും തുടർ നടപടി ഉണ്ടായിട്ടില്ല.