ശക്തമായ മഴയിൽ സേനാപതി -രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുഴക്കോഴിച്ചാൽ -ആവണക്കുംച്ചാൽ പാലം റോഡ് തകർന്ന് ഗതാഗതം തടസപ്പെട്ടു

ഇന്നലെ രാത്രി പെയ്‌ത മഴയിലാണ് സേനാപതി രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തകർന്നത്. ശക്‌തമായ മഴവെള്ള പാച്ചലിൽ റോഡ് ഇടിഞ്ഞു പന്നിയാർ പുഴയിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഗതാഗതം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ ഇതിലൂടെ കടന്നു പോകുവാൻ സാധിക്കുന്നത്. 45 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാതയാണിത്. റോഡ് ഇടിഞ്ഞതോടെ സ്കൂൾ ബസുകളോ ആശുപത്രി ആവിശ്യങ്ങൾക്കോ വാഹനം എത്താത്ത സാഹചര്യമാണ് എന്ന് പ്രദേശവാസികൾ പറഞ്ഞു.
റോഡ് ഇടിഞ്ഞതോടെ സമീപ വാസികളായ സിബി ഇഞ്ചപ്ലാക്കൽ,ബിജു കൊച്ചുവീട്ടിൽ എന്നിവരുടെ വീടും അപകടാവസ്ഥയിലാണ് സേനാപതി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിവിടം. ഗതാഗതം തടസ്സപ്പെട്ടത് അറിഞ്ഞു എത്തിയ പഞ്ചായത്ത് മെമ്പർ പുനർനിർമ്മിക്കാൻ ഫണ്ട് ഇല്ലായെന്ന് പറഞ്ഞതായും പ്രദേശവാസികൾ ആരോപിച്ചു.
2018 ലെ പ്രളയത്തിലും ഇവിടെ റോഡ് ഇടിഞ്ഞു ഗതാഗതം തടസപ്പെട്ടിരുന്നു. അന്ന് പ്രദേശവാസികളുടെ സഹകരണത്തോടെയാണ് റോഡ് പുനഃർനിർമ്മിച്ചത്. യാത്ര മാർഗം തടസപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് 45 ഓളം കുടുംബങ്ങൾ. എത്രയും പെട്ടന്ന് ഗതാഗതം പുനഃസഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവിശ്യം.