മലയാളി റസ്റ്ററന്റിലെത്തി ഡേവിഡ് ബെക്കാം കഴിച്ചത് കട്ടപ്പന ഇടിയിറച്ചി; മാംഗോ ഫിഷ് കറിയും അമ്മച്ചി ഫിഷും വിളമ്പി ജസ്റ്റിൻ

മലയാളി ഷെഫിന്റെ മക്കാവുവിലുള്ള ഇന്ത്യൻ റസ്റ്ററന്റിൽ കട്ടപ്പന പോത്തിറച്ചി ഉൾപ്പെടെ നാടൻ കേരള വിഭവങ്ങൾ കഴിക്കാനെത്തി ഇംഗ്ലണ്ടിന്റെ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം. ചാലക്കുടി സ്വദേശി ജസ്റ്റിൻ പോളിന്റെ ‘ജസ്റ്റ് ഇന്ത്യ’ റസ്റ്ററന്റിലാണ് ബെക്കാമും കൂട്ടുകാരുമെത്തിയത്. മക്കാവുവിലെ ഇന്ത്യൻ റസ്റ്ററന്റായ ഗോൾഡൻ പീക്കോക്കിലെ ഷെഫായിരുന്നു, 8 തവണ മികച്ച ഷെഫുമാർക്കുള്ള മിഷലിൻ സ്റ്റാർ പുരസ്കാരം ലഭിച്ചിട്ടുള്ള ജസ്റ്റിൻ. നേരത്തേ ബെക്കാം ഇവിടെ താമസിച്ചപ്പോൾ ജസ്റ്റിൻ പാചകം ചെയ്ത വിഭവങ്ങൾ കഴിച്ചിട്ടുണ്ട്.
ഇവിടെ പുതിയൊരു ഹോട്ടൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ബെക്കാം ഇന്ത്യൻ മസാലയുടെ രുചി ഓർമിച്ച് ജസ്റ്റിനെ തിരക്കിയത്. ജസ്റ്റിൻ പുതിയ റസ്റ്ററന്റ് തുടങ്ങിയെന്ന് ഹോട്ടലുകാർ അറിയിച്ചതോടെ നേരേ അങ്ങോട്ടെത്തി. ഇതോടെ മറ്റു ബുക്കിങ്ങുകളെല്ലാം ക്യാൻസലാക്കി റസ്റ്ററന്റ് പൂർണമായും ബെക്കാമിനും സുഹൃത്തുക്കൾക്കും വിട്ടു നൽകി.കട്ടപ്പനയിൽനിന്ന് കൊണ്ടുവന്ന ഇടിയിറച്ചിയും ഓസ്ട്രേലിയയിൽനിന്ന് ഇറക്കുമതി ചെയ്ത ബാഗിയോ ബീഫും ചേർത്തുള്ള വിഭവത്തിൽ ബെക്കാം ‘ ബെൻഡായി ’.
8000 രൂപ കിലോയ്ക്ക് വിലയുള്ളതാണ് എളുപ്പം വേവുന്ന ബാഗിയോ ബീഫ്. ഇതിനൊപ്പം മാംഗോ ഫിഷ് കറിയും അമ്മച്ചി ഫിഷും നൽകി. മീൻ കുടമ്പുളിയിൽ വറ്റിച്ചെടുത്ത് വീണ്ടും ഫ്രൈ ചെയ്ത് നൽകുന്ന ജസ്റ്റ് ഇന്ത്യ സ്പെഷലാണ് അമ്മച്ചി ഫിഷ്. ചിക്കൻ ടിക്ക, ലോബ്സ്റ്റർ മോളി, കാന്താരി മുർഗ് തുടങ്ങി ഇന്ത്യൻ വിഭവങ്ങൾ ആസ്വദിച്ച് ആശംസകൾ നേർന്നാണ് ബെക്കാം മടങ്ങിയത്. ചാലക്കുടി പരേതനായ താക്കോൽക്കാരൻ പൗലോസിന്റെയും ശോശാമ്മയുടെയും മകനാണ് ജസ്റ്റിൻ പോൾ.