ഇടുക്കി മുനിയറയിൽ ഏലത്തോട്ടത്തിനുള്ളിലെ വീടിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

കഴിഞ്ഞ 8 വർഷമായി ഇടുക്കി മുനിയറ സ്വദേശി കറുത്തേടത്ത് ബിജു പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്തു വന്നിരുന്ന തോട്ടത്തിലെ വീട്ടിനുള്ളിലാണ് സാമൂഹ്യവിരുദ്ധർ അതിക്രമം നടത്തിയത്. ചൊവ്വാഴ്ച തോട്ടത്തിലെ പണികൾക്ക് ശേഷം വൈകിട്ട് തിരികെ പോയ ബിജുവും മറ്റു ജോലിക്കാരും ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്.
തുടർന്ന് അകത്ത് പരിശോധന നടത്തിയപ്പോഴാണ് ഏലത്തിന് മരുന്നടിക്കുന്നതിനായി വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മോട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടറിൻ്റെ ബെൽറ്റും, വാൽവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർത്തതായും, പെട്രോൾ ടാങ്കിലേക്ക് ഉപ്പ് പോലുള്ള വസ്തുക്കൾ വാരി നിറച്ചതായും കണ്ടെത്തി. കൂടാതെ വീടിൻറെ രണ്ടു ജനലുകളും തകർത്തു. വീടിനുള്ളിലെ വൈദ്യുതി ബോർഡുകളും മെയിൻ സ്വിച്ചും ഉൾപ്പെടെയുള്ളവയും തകർത്ത നിലയിലാണ്.
ഇത് സംബന്ധിച്ച് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. 9 വർഷത്തേക്ക് ഏറ്റെടുത്ത പാട്ട കാലാവധി അടുത്തവർഷം അവസാനിക്കാനിരിക്കേയാണ് കഴിഞ്ഞ ദിവസം അതിക്രമം ഉണ്ടായത്. അൻപതിനായിരം രൂപയുടെ നഷ്ടമുണ്ടായെന്നും അതിക്രമം നടത്തിയവരെ കണ്ടെത്തണമെന്നും ബിജു ആവശ്യപ്പെട്ടു.