മാനദണ്ഡങ്ങൾ ലംഘിച്ച് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഡോക്ടറെ മെഡിക്കൽ ഓഫീസർ ആക്കാൻ ഉത്തരവ്

മുൻപ് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കാഞ്ചിയാർ കുടുംബാംഗ്യ കേന്ദ്രം ഇപ്പോൾ താറുമാറായി ചികിത്സ പോലും കാര്യക്ഷമല്ല. ഇവിടുത്തെ മെഡിക്കൽ ഓഫീസർക്ക് പകരം ഒരു വർഷത്തിൽ താഴെ മാത്രം പ്രവർത്തന പരിചയമുള്ള ഡോക്ടക്ക് ഈ ചുമതല കൈമാറുകയായിരുന്നു. ഒരു പതിറ്റാണ്ടത്തെ പ്രവർത്തന പരിചയമുള്ള ഡോക്ടർ ഇവിടെ ഉള്ളപ്പോഴാണ് ഈ നടപടി.
സംഘടനാ നേതാവിന്റെ ഇടപെടലാണ് ഇതിന് കാരണം എന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഈ ഡോക്ടർ സംഘടനയിൽ അംഗമല്ലാത്തതിനാലാണ് മെഡിക്കൽ ഓഫീസർ ചുമതല നൽകാത്തത് എന്ന് പരാതിയും ശക്തമാണ്. സീനിയർ ഡോക്ടറുടെ സേവനം ലഭിക്കുമെന്നിരിക്കെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജൂനിയർ ഡോക്ടറെ മെഡിക്കൽ ഓഫീസർ ആക്കിയ നടപടിക്കെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി.
കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്ടറെ മെഡിക്കൽ ഓഫീസർ ആക്കണം എന്നും ആശുപത്രിയിൽ ഉള്ള ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം. 15 അംഗങ്ങൾ പങ്കെടുത്ത കമ്മിറ്റിയിൽ ഏകകണ്ഠേനയാണ് പ്രമേയം പാസാക്കിയത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇന്ന് ഡിഎംഒ യെ കണ്ടു. ഈ സാമ്പത്തിക വർഷം 35 ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തിലുള്ളത്. അത് നടപ്പിലാക്കാൻ പ്രവർത്തി പരിചയമുള്ള മെഡിക്കൽ ഓഫീസറുടെ സേവനം ആവശ്യമാണ്. ആശുപത്രിയിൽ രണ്ടു ഡോക്ടർമാരുടെയും ഫാർമസിസ്റ്റ് സ്റ്റാഫ് നേഴ്സ് എന്നിവരുടെ ഓരോ ഒഴിവുകളും ഉണ്ട്. അത് നികത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയിരിക്കുന്നത്.