ആദിവാസി വയോധികനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി
ചിന്നക്കനാലിൽ മലയരയ വിഭാഗത്തിൽ പെട്ട ഗൃഹനാഥനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. ചിന്നക്കനാൽ കുത്തുകൽത്തേരി സ്വദേശി എ.ഡി.ജോൺസനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കൃഷിയിടത്തിൽ പടർന്നു പിടിച്ച കാട്ടു തീ അണച്ചു കൊണ്ടിരുന്ന ജോൺസണെ വനം വകുപ്പ് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥന്റെ അടുത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയതായും അസഭ്യവാക്കുകൾ പറഞ്ഞതായുമാണ് പരാതി. പിടിവലിക്കിടെ ജോൺസണിന്റെ ഇടതു കൈക്ക് പരുക്കേറ്റു.
പരുക്കേറ്റ ജോൺസൺ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 301 കോളനിക്ക് സമീപം കൈവശ ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കുന്നവരാണ് ജോൺസണും കുടുംബവും. 8 മാസത്തിനുള്ളിൽ തങ്ങൾക്ക് സ്ഥലം അളന്ന് തിരിച്ച് നൽകണമെന്നും അതുവരെ കൈവശ ഭൂമിയിൽ നിന്ന് ഇറക്കി വിടരുതെന്നും ഹൈക്കോടതി ഉത്തരവുണ്ടെന്ന് ജോൺസൺ പറഞ്ഞു. ഇത് ലംഘിച്ചാണ് വനം വകുപ്പ് ഉദ്യേഗസ്ഥർ തന്നെ കയ്യേറ്റം ചെയ്തതെന്നും ജോൺസൺ പറഞ്ഞു.
എന്നാൽ പരാതി വ്യാജമാണെന്നും കൈവശ ഭൂമി കൂടാതെ കൂടുതൽ സർക്കാർ ഭൂമി കൈയ്യേറാനുള്ള ശ്രമം തടയുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചെയ്തതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.