ശാന്തന്‍പാറയില്‍ മധ്യവയസ്കയെ വീടിന് സമീപം ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ശാന്തന്‍പാറയില്‍ മധ്യവയസ്കയെ വീടിന് സമീപം ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചേരിയാര്‍ സ്വദേശി റാണി (55) ആണ് കൊല്ലപ്പെട്ടത്. ചേരിയാറിലെ വീട്ടില്‍ റാണി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ അയല്‍വാസി ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന് സമീപം മൃതദേഹം കണ്ടത്. ശരീരത്തില്‍ നിന്ന് തല വേര്‍പെട്ട നിലയിലും ഒരു കൈയുടെ മുട്ടിന് താഴ്ഭാഗത്ത് ദശ ഇല്ലാത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന് സമീപത്ത് നിന്നായി ചോര പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. റാണിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പുകളും ലഭിച്ചു. ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമെ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പൊലിസ് പറഞ്ഞു.
റാണിയെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ ചേരിയാറില്‍ വെച്ച് കണ്ടിരുന്നു. പിന്നീട് ഇവര്‍ തിരികെ വീട്ടില്‍ എത്തിയപ്പോഴോ രാത്രിയിലോ ആവാം കൃത്യം നടന്നതെന്നാണ് വിലയിരുത്തല്‍. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്ക് ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ സമീപത്ത് താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.



