വണ്ടിപ്പെരിയാറിൽ ചന്ദനമര മോഷണം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന 25 ഇഞ്ച് വണ്ണം വരുന്ന ചന്ദനമരമാണ് മോഷണം പോയത്
വണ്ടിപ്പെരിയാർ മ്ലാമല പൂണ്ടിക്കുളത്തു നിന്നു മാണ് ചന്ദനമരം മോഷണം പോയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം . മ്ലാമല പൂണ്ടിക്കുളം കിഴക്കേക്കര അനീഷ്മോട്ടിയുടെ പുരയിടത്തിലെ 25 ഇഞ്ച് വണ്ണമുള്ള ചന്ദന മരമാണ് മുറിച്ച് കടത്തിയത്. ചന്ദന മരത്തിന്റെ ചുവടു മുതൽ ശിഖരം വളർന്ന മേൽ ഭാഗം വരെയാണ് മോഷ്ടാക്കൾ മുറിച്ച് കൊണ്ട് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്ന സമയത്തായിരുന്നു മോഷണം. അതിനാൽ തന്നെ രാവിലെയാണ് ഉടമസ്ഥർ മരം മോഷ്ടിച്ച വിവരം അറിയുന്നത്. ചന്ദനമരം റോഡിലേക്ക് വീണു കിടക്കുന്നതായി കണ്ട ഉടമകൾ കാറ്റിലും മഴയിലും കടപുഴകി വീണതാകാമെന്ന് കരുതി അടുത്തെത്തി നോക്കിയപ്പോഴാണ് ചന്ദനമരത്തിന്റെ കാതലായ ഭാഗം മുറിച്ച് കടത്തിയതായി കണ്ടത്.
സംഭവത്തിൽ ഉടമകൾ വണ്ടിപ്പെരിയാർ പോലീസിലും ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിലും പരാതി നൽകി.