മകൾക്കായി കാത്തിരുന്നു, ലഭിച്ചത് ചേതനയറ്റശരീരം: വേദനയോടെ മാതാപിതാക്കൾ

തങ്ങളുടെ പൊന്നോമന മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചുവയസ്സുകാരി ചാന്ദ്നിയുടെ അച്ഛനും അമ്മയും. എന്നാൽ അവരെ കാത്തിരുന്നതാകട്ടെ തീരാത്ത വേദനയും. മകൾ തിരിച്ചുവരില്ലെന്നും അവൾ കൊല്ലപ്പെട്ടെന്നുമുള്ള സത്യം ഉൾക്കൊള്ളാന്‍ കഴിയാത്ത നിലയിലാണ് ചാന്ദ്നിയുടെ മാതാപിതാക്കൾ. കൂട്ട നിലവിളികള്‍ ഉയരുമ്പോൾ കണ്ടുനിൽക്കുന്നവർക്കും സഹിക്കാനാവുന്നില്ല. കൊല്ലപ്പെട്ടത് ചാന്ദ്നി തന്നെയെന്നു പിതാവിനെ സ്ഥലത്തെത്തിച്ചു സ്ഥിരീകരിച്ചു.മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെയും നീതു കുമാരിയുടെയും മകളാണു കൊല്ലപ്പെട്ട ചാന്ദ്നി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ചാന്ദ്നി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെൺമക്കളുമാണ് രാംധറിനുള്ളത്. മക്കളിൽ രണ്ടാമത്തെയാളാണു ചാന്ദ്നി. രാംധറും ഭാര്യ നീതു കുമാരിയും വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.