തൊടുപുഴ മുതലക്കുടത്തിന് സമീപം പഴുക്കാകുളത്ത് വീടിന് ഉള്ളിൽ വെച്ച് പ്രവർത്തിച്ചു കൊണ്ടിരുന്ന വാഷിംഗ് മെഷീന് തീപിടിച്ചു

തൊടുപുഴ മുതലക്കുടത്തിന് സമീപം പഴുക്കാകുളത്ത് വീടിന് ഉള്ളിൽ വെച്ച് പ്രവർത്തിച്ചു കൊണ്ടിരുന്ന വാഷിംഗ് മെഷീന് തീപിടിച്ചു. റിപ്പയറിങ്ങിന് ശേഷം സ്ഥാപിച്ച വാഷിംഗ് മെഷീൻ ആണ് തീ പിടിച്ചത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. രാവിലെ 9: 20 ഓടുകൂടി ആയിരുന്നു സംഭവം. കുട്ടിയെ സ്കൂളിൽ അയച്ചിട്ട് വന്നപ്പോൾ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട വീട്ടമ്മ ഉടനെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ വലിയ വാഹനം എത്തിച്ചേരുവാൻ റോഡ് സൗകര്യം ഇല്ലായിരുന്നു. സേനാംഗങ്ങൾ ബി എ സെറ്റ് ധരിച്ച് മുകൾ നിലയിൽ കയറിയ ശേഷം ഇലക്ട്രിക് ലൈന് മായുള്ള ബന്ധം വിച്ഛേദിക്കുകയും സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ എടുത്തു മാറ്റുകയും ചെയ്തു. കനത്ത പുകമൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം എൻ വിനോദ് കുമാർ ഫയർ ഓഫീസർമാരായ എസ് ശരത്, ശിബിൻ ഗോപി, ജെയിംസ് നോബിൾ, ടി കെ വിവേക്, ജയ്‌സ് സാം ജോസ്, അഖിൽ എസ് പിള്ള, കെ എസ് അബ്ദുൽ നാസർ, പ്രമോദ് കെ ആർ ഷാജി പി ടി, എന്നിവർ ചേർന്നാണ് തീ അണച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.