കാലവർഷം ശക്തമായതോടെ വെള്ളക്കെട്ടിൽ മുങ്ങി രാജാക്കാട് ടൗണും ബസ്റ്റാന്റ് പരിസരവും

കാലവർഷ മഴ ശക്‌തമായതോടെ രാജാക്കാട് ടൗണും ബസ്റ്റാന്റ് പരിസരവും വെള്ളക്കെട്ടിൽ മുങ്ങി. രാജാക്കാട് പാറമട ഭാഗം തൊട്ടുള്ള മഴവെള്ളം മുഴുവൻ ഒഴുക്കി എത്തുന്നത് രാജാക്കാട് ടൗണിലേക്കും ബസ്‌സ്റ്റാണ്ടിലേക്കുമാണ്. ഓടകളുടെയും കലിങ്കുകളുടെയും പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് ടൗണിൽ വെള്ളം നിറയാൻ കാരണം. ഓടകളും കലിങ്കുകളും അടഞ്ഞതോടെ റോഡിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്. കാൽനടയാത്രക്കാർക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ശക്‌തമായ മഴ പെയ്യുമ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നതും പതിവാണ്.
ടൗണിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുവാനായി അഞ്ചോളം കലുങ്കുകൾ ആണ് ഉള്ളത്. ഈ കലുങ്കുകൾ എല്ലാം പൂർണമായി അടഞ്ഞ അവസ്ഥയിലാണ്. കാലാവർഷത്തിനു മുൻപായി ഓടകളും കലുങ്കുകൾ തുറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി കന്യകുഴി ആരോപിച്ചു.ഓടകളും കലിങ്കുകളും പുനരുദ്ധരിച്ചില്ലങ്കിൽ മഴകാലം കൂടുതൽ ശക്‌തമാകുന്നതോടെ രാജാക്കാട് ടൗണിന്റെ പ്രവർത്തനം വലിയ പ്രതിസന്ധിയിലാകും.