കോൺക്രീറ്റ് പാലം പൊളിച്ചശേഷം സാങ്കേതിക തടസ്സങ്ങളാൽ പുതിയ പാലം പണി മുടങ്ങിയതോടെ നാട്ടുകാർ സ്ഥാപിച്ച കാഞ്ചിയാർ പഞ്ചായത്ത് ഏഴാം വാർഡിൽപ്പെട്ട കക്കാട്ടുകട-തൊവരയാർ റൂട്ടിലെ കുഴിയോടിപ്പടി നടപ്പാലം കാലവർഷത്തിൽ ഒലിച്ചുപോയി

കോൺക്രീറ്റ് പാലം പൊളിച്ചശേഷം സാങ്കേതിക തടസ്സങ്ങളാൽ പുതിയ പാലം പണി മുടങ്ങിയതോടെ നാട്ടുകാർ സ്ഥാപിച്ച നടപ്പാലം കാലവർഷത്തിൽ ഒലിച്ചുപോയി. കാഞ്ചിയാർ പഞ്ചായത്ത് ഏഴാം വാർഡിൽപ്പെട്ട കക്കാട്ടുകട-തൊവരയാർ റൂട്ടിലെ കുഴിയോടിപ്പടി പാലമാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. കട്ടപ്പനയാറിൽ നിന്നെത്തുന്ന വെള്ളം അഞ്ചുരുളിയിലേക്ക് പോകുന്ന ഭാഗത്തെ പാലമാണ് ഒലിച്ചുപോയത്. ഇതോടെ നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്
മുൻപ് ഇവിടുണ്ടായിരുന്ന പാലം രണ്ടര വർഷം മുൻപാണ് പൊളിച്ചുനീക്കിയത്. എംഎൽഎ ഇടപെട്ട് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ പാലം നിർമിക്കാനായി അനുവദിച്ചിരുന്നു. മണ്ണ് പരിശോധന നടത്തിയപ്പോൾ നിശ്ചിത താഴ്ചയിൽ പാറയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുതൽ ഫണ്ട് ആവശ്യമായി വന്നു. അതോടെ പഞ്ചായത്തംഗം ഷാജി വേലംപറമ്പിൽ 13 ലക്ഷം രൂപ കൂടി ലഭ്യമാക്കി.
ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയതോടെയാണ് പാലം പൊളിച്ചത്. അടിത്തട്ടിലെ പണികൾക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോലികൾ ആരംഭിച്ചപ്പോഴാണ് മുൻപ് പാറയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നതിനേക്കാൾ അഞ്ചര മീറ്റർ താഴെ പാറയെന്ന് വ്യക്തമായത്. അതോടെ 74 ലക്ഷം രൂപയായി എസ്റ്റിമേറ്റ് പുതുക്കി. അവശേഷിക്കുന്ന തുക ജില്ലാ പഞ്ചായത്തിൽ നിന്ന് വകയിരുത്തിയെങ്കിലും പണികൾ ആരംഭിക്കുന്നതിനു മുൻപ് ഡിസൈനിൽ വീണ്ടും മാറ്റം വേണമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു.
ഡിസൈൻ വീണ്ടും മാറ്റിയതോടെ എസ്റ്റിമേറ്റ് തുക ഒരുകോടിയായി ഉയർന്നു. 35 ലക്ഷം രൂപ ഉപയോഗിച്ച് ഇരുവശങ്ങളിലും അടിത്തറയും തൂണുകളുടെ കുറച്ചുഭാഗവും നിർമിച്ചെങ്കിലും അവശേഷിക്കുന്ന പണികൾക്ക് ഫണ്ടില്ലാത്ത സ്ഥിതിയിൽ ജോലികൾ മുടങ്ങി. പാലം പൊളിച്ചശേഷം സഞ്ചരിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെ നാട്ടുകാർ താൽക്കാലിക നടപ്പാലം സ്ഥാപിച്ചാണ് യാത്ര ചെയ്തിരുന്നത്.
അതാണ് കാലവർഷത്തിൽ ഒലിച്ചുപോയത്. നടപ്പാലവും തകർന്നതോടെ ഈ മേഖലയിലുള്ളവർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്.ഈ ദുരവസ്ഥക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ എട്ടാം തീയതി സായാഹ്ന ധർണ്ണ നടത്താനാണ് തീരുമാനം .