പീരുമേട് താലൂക്ക് ആശുപത്രി: അപര്യാപ്തതകള്‍ പരിശോധിക്കാൻ ഡെപ്യൂട്ടി ഡി.എം.ഒയെ നിയോഗിക്കണം

പീരുമേട് താലൂക്ക് ആശുപത്രിയിലെ അപര്യാപ്തതകള്‍ പരിശോധിക്കാൻ ഡെപ്യൂട്ടി ഡി.എം.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി ഡി.എം.ഒയ്ക്ക് നിർദ്ദേശം നല്‍കി.
ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കല്‍ ജീവനക്കാർ, മിനിസ്റ്റീരിയല്‍ ജീവനക്കാർ തുടങ്ങി സർക്കാർ അനുവദിച്ചിട്ടുള്ള തസ്തികകളില്‍ എത്ര പേർ ജോലി ചെയ്യുന്നുണ്ട്, ഒഴിവുള്ള തസ്തികകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി ഡെപ്യൂട്ടി ഡി.എം.ഒ ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് റിപ്പോർട്ട് നല്‍കണം.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ നികത്താനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ആശുപത്രിയില്‍ നിന്ന് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താനും ഡി.എം.ഒ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ അധിക തസ്തിക ആവശ്യമുണ്ടെങ്കില്‍ വിശദമായ അപേക്ഷ സർക്കാരിന് സമർപ്പിക്കണമെന്നും കമ്മിഷൻ ഡി.എം.ഒയ്ക്ക് നിർദ്ദേശം നല്‍കി. രണ്ടു മാസത്തിനകം നടപടികള്‍ പൂർത്തിയാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
പീരുമേട് താലൂക്ക് ആശുപത്രിയിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പീരുമേട് സ്വദേശി ടി.എം. ആസാദ് സമർപ്പിച്ച പരാതിയിലാണ് നടപടി. നിർമ്മാണ ജോലികള്‍ പൂർത്തിയാകുന്നതോടെ ഓപ്പറേഷൻ തീയേറ്ററും കൂടുതല്‍ കിടക്കകളോടു കൂടിയ വാർഡുകളും പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു. എന്നാല്‍ പീരുമേട് ആശുപത്രി ആരംഭിച്ച കാലത്തുള്ള 54 കിടക്കകളാണ് ഇപ്പോഴുമുള്ളതെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.
സർജറി, ഇ.എൻ.ടി വിഭാഗങ്ങളില്‍ ഡോക്ടർമാരില്ല. കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം കുറച്ചു. ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ പോലും താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ അറിയിച്ചു. പരിശോധന എത്രയും വേഗം നടത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു.