കാർഷിക മേഖലയ്ക്കൊപ്പം ടൂറിസം മേഖലയ്ക്കും ഗുണകരമാകുന്ന മേലേച്ചിന്നാർ ചെക്ക് ഡാം നിർമ്മാണം ആരംഭിച്ചു

കെ.എം മാണി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയിൽ പെടുത്തിയാണ് മേലെ ച്ചിന്നാർ കടുക്കന്മാക്കൻ പടിയിൽ മഠംപാലം ചെക്കുഡാമായി മാറുന്നത്. കുടിയേറ്റകാലം മുതൽ ഇവിടെ ഇല്ലിയും മറ്റ് തടികളും ഉപയോഗിച്ചുള്ള അപകടകരമായ സാഹചര്യത്തിലുള്ള താൽക്കാലിക പാലമായിരുന്നു പൊതുജനങ്ങൾക്ക് മറുകരയെത്താൻ ആശ്രയമായിരുന്നത്.
ഇതേ തുടർന്നാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 11 കോടിയിൽപരം മുതൽമുടക്കി ചെക്ക് ഡാമും, പാലവും, അപ്രോച്ച് റോഡും നിർമ്മിക്കുവാൻ അനുമതി നൽകിയത്. വാത്തിക്കുടി പഞ്ചായത്തിൽപ്പെടുന്ന 50 ഏക്കർ സ്ഥലത്ത് 9.22 കോടിയും,നെടുങ്കണ്ടം പഞ്ചായത്തിൽപ്പെടുന്ന 1,22 വാർഡ്കളിലായി 1.79 കോടിയുമാണ് ചിലവഴിക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടുകൂടി മേഖലയിലെ കാർഷിക ആവശ്യങ്ങൾക്കായി ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി പ്രകാരം ജലം ഉപയോഗിക്കുവാൻ കഴിയും. കൂടാതെ ഡാമിൻ്റെ ഇരുകരകളിലുമായി സൗന്ദര്യവൽക്കരണവും പൂർത്തിയാകുമ്പോൾ ടൂറിസം മേഖലയ്ക്കും പദ്ധതി പ്രയോജനപ്പെടും.
മാതൃകാപരവും, ഗുണകരവുമായ പദ്ധതിയുടെ നിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുകയാണ്. മേലേച്ചിന്നാർടൗണിൽ നെടുംകണ്ടം പാലം വരെയാണ് പദ്ധതി പ്രദേശമായി നിശ്ചയിച്ചിരിക്കുന്നത്. ഈ ഇരുകരകളിലുമാണ് സൗന്ദര്യവൽക്കരണം നടത്തുന്നത് .പദ്ധതി പൂർത്തിയാകുമ്പോൾ മേലേച്ചിന്നാറിൻ്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. ടൂറിസം -കാർഷിക രംഗത്തും വലിയ പുരോഗതിയും നേടും.