ഇരട്ടയാർ ബസ്റ്റാൻ്റിൽ ടേക് എ ബ്രേക് പദ്ധതി പ്രകാരം നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

ഇരട്ടയാർ ബസ്റ്റാൻഡിനു സമീപം ടേക്ക് എ ബ്രേക് പദ്ധതിയിൽ നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് ആണ് അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ടിട്ട് നാളുകൾ കഴിഞ്ഞിരിക്കുന്നത്.വെള്ളം ഇവിടേക്ക് എത്തിക്കുന്ന മോട്ടോർ തകരാറിലായതുമൂലം വെള്ളം ഇവിടെ ലഭ്യമാകാത്ത സാഹചര്യം മൂലമാണ് ടോയ്ലറ്റ് അടച്ചത് എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ഇതുകൂടാതെ ഇതിനു സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം ലഭിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു.
ഇതോടെ ഹോട്ടൽ കോഫി ഷോപ്പുകൾ അടക്കമുള്ളവ പ്രവർത്തിപ്പിക്കുവാൻ കഴിയാതെ അടച്ചിട്ടിരിക്കുകയാണ്. പഞ്ചായത്തിൻറെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയാണ് കാരണമെന്നാണ് ആരോപണം ഉയരുന്നത്. വിഷയത്തിൽ പ്രതിഷേധമുയർത്തി കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു.സ്ത്രീകൾ അടക്കമുള്ളവർ ഈ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് അത്യാവശ്യഘട്ടങ്ങളിൽ ശുചിമുറിയിൽ പോകണമെങ്കിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് വെള്ളം ബക്കറ്റിൽ എടുത്തുകൊണ്ട് വേണം പോകാൻ.
ശുചിമുറി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം അടക്കം പഞ്ചായത്ത് അധികൃതർ മുൻപാകെ നൽകിയെങ്കിലും നടപടി വൈകുകയാണെന്നും പറയുന്നു .അടിയന്തരമായി ബസ്റ്റാൻഡിലെ ശുചിമുറിയുടെ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി.