ഇടുക്കി മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മൂന്നാർ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ കുഴികളിൽ വാഴനാട്ടി പ്രതിഷേധം സംഘടിപ്പിച്ചു

മൂന്നാർ മേഖലയിലേയും ആദിവാസി മേഖലയിലേയും ആളുകൾ ഏറ്റവും അടിയന്തര സാഹചര്യങ്ങളിൽ ആശ്രയിക്കുന്ന ആശുപത്രിയാണ് ഹൈറേഞ്ച് ആശുപത്രി. മൂന്നാർ നല്ലതണ്ണി പാലം ജംഗ്ഷൻ മുതൽ ആശുപത്രി വരെയുള്ള റോഡാണ് മഴയെത്തിയതോടെ കൂടുതൽ ശോചനീയാവസ്ഥയിൽ ആയത്. തകർന്നു കിടക്കുന്ന ഈ റോഡിലൂടെ വേണം ആംബുലൻസ് അടക്കം രോഗികളെ കൊണ്ടുപോകാൻ.
തകർന്ന റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് മൂന്നാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.നെൽസന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഹൈറേഞ്ച് ആശുപത്രി റോഡിൽ വാഴകൾ നാട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.
റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും എന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി ജി മുനിയാണ്ടി പറഞ്ഞു.പ്രതിഷേധ സമരത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജി വിജയകുമാർ, ഡിസിസി മെമ്പർ പി ജയരാജ്,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ റിയാസ്, മുകേഷ്, മണ്ഡലം സെക്രട്ടറിമാർ, വാർഡ് പ്രസിഡന്റുമാർ, തുടങ്ങിയവർ പങ്കെടുത്തു.