ജോണി പൂമറ്റം പത്താം ചരമവാർഷികവും സ്മരണിക പ്രകാശനവും നാളെ കട്ടപ്പന വെള്ളയാംകുടിയിൽ

ജോണി പൂമറ്റം വിട പറഞ്ഞിട്ട് നാളെ 10 വർഷം തികയുന്നു.കെ എസ് സി ജില്ലാ പ്രസിഡണ്ട്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ എന്നീ നിലകളിലൊക്കെ 30 വർഷക്കാലം പൊതുരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ഇടുക്കിയുടെ ജനകീയ മുഖമായിരുന്നു. നാടിൻ്റെ വികസനത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ച ജോണി പൂമറ്റത്തിൻ്റെ വേർപാട് ഹൈറേഞ്ചിന്, പ്രത്യേകിച്ച് കട്ടപ്പനയ്ക്ക് തീരാ നഷ്ടം തന്നെയാണ്.
രാഷ്ട്രീയ പരിഗണനകൾ ഉപേക്ഷിച്ച് കട്ടപ്പനയുടെ വികസനത്തിനായി അഹോരാത്രം പ്രയത്നിച്ചിട്ടുണ്ട് അദ്ദേഹം. കട്ടപ്പന ടൗൺ വികസനം, നഗരത്തിലെ തിരക്കിൽ നിന്നും ഒഴിവായി കമ്പത്തിനും നെടുങ്കണ്ടത്തിനും മറ്റും പോകാനുള്ള ബൈപ്പാസ് റോഡ്, ആനവിലാസം കൂടിയുള്ള കട്ടപ്പന- കുമളി റോഡ് തുടങ്ങിയവയൊക്കെ പി.ജെ ജോസഫ് പൊതുമരാമത്ത് വകുപ്പുമന്ത്രിയായിരുന്നപ്പോൾ ജോണി പൂമറ്റം പ്രത്യേകം താല്പര്യമെടുത്തു കൊണ്ടുവന്ന പദ്ധതികളാണ്.
പി.ജെ ജോസഫ് മന്ത്രിയായിരുന്ന കാലഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പിലും വിദ്യാഭ്യാസ രംഗത്തും ഹൈറേഞ്ചിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ജോണി പൂമറ്റം പ്രത്യേകം താല്പര്യമെടുത്തിട്ടുണ്ട്.
നാളെ ജോണി പൂമറ്റത്തിൻ്റെ ഓർമദിനമാണ്. രാവിലെ 9.45 ന് വെള്ളയാം കുടി സെൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനക്ക് വചനപ്രഘോഷകൻ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യാകാർമ്മികത്വം വഹിക്കും.
തുടർന്ന് പാരീഷ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനവും സ്മരണിക പ്രകാശനവും കേരളാ കോൺഗ്രസ് ചെയർമാനും മുൻമന്ത്രിയുമായ പി.ജെ ജോസഫ് എം.എൽ.എ നിർവ്വഹിക്കും. പാർട്ടി ജില്ലാ പ്രസിഡൻ്റ് പ്രൊ എം.ജെ ക്കേബ് അദ്ധ്യക്ഷത വഹിക്കു. സംസ്ഥാന ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ. ഇ എം ആഗസ്തി, ഷീലാ സ്റ്റീഫൻ തുടങ്ങി വിവിധ രാഷ്ട്രിയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.