ശക്തമായ മഴയിൽ വണ്ടിപ്പെരിയാർ വാളാർടിയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിൽ വൻമരം ലയത്തിന് മുകളിലേക്ക് ഒടിഞ്ഞ് വീണപകടം. രണ്ട് ലയങ്ങൾ തകർന്നു . 7 പേർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വെള്ളിയാഴ്ച വെളുപ്പിന് 3.30 ഓടു കൂടിയായിരുന്നു ശക്തമായ മഴയിൽ വണ്ടിപ്പെരിയാർ വാളാർടി ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റ് വക കാലപ്പഴക്കം ചെന്ന വൻമരം ലയങ്ങൾക്ക് മുകളിലേക്ക് ഒടിഞ്ഞ് വീണ് ലയങ്ങൾ തകർന്ന് അപകടം സംഭവിച്ചത്.അപകടത്തിൽ രണ്ട് ലയങ്ങളിൽ താമസക്കാരായ 7 പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ബാലമുരുകൻ, മുത്തു ലക്ഷ്മി എന്നിവർ താമസിച്ചിരുന്ന ലയങ്ങളാണ് തകർന്നത്.അപകടത്തിൽ ലയത്തിന്റെ മുറ്റത്ത് കിടന്നിരുന്ന 2 ഓട്ടോറിക്ഷകളുടെ മുകളിലേക്കും മരത്തിന്റെ ശിഖരങ്ങൾ പതിച്ച് രണ്ട് ഓട്ടോ റിക്ഷകളും പൂർണ്ണമായും തകർന്നു .അപകട ഭീതി പരത്തി നിലകൊള്ളുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന് തൊഴിലാളികളുടെ വർഷങ്ങളായുള്ള പരാതി എസ്റ്റേറ്റ് മാനേജ്മെന്റ് ചെവിക്കൊണ്ടില്ലാ എന്നും തൊഴിലാളികൾ പറയുന്നു.
ഇടുക്കി MP അഡ്വ: ഡീൻ കുര്യാക്കോസ് സ്ഥലം സന്ദർശിച്ചു.പ്രകൃതി ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിര സഹായം നൽകുവാൻ സർക്കാർ തയ്യാറാവണമെന്നും MP ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷവും ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണ് 2 ലയങ്ങൾ തകർന്ന സംഭവമുണ്ടായിട്ടുകൂടിയാണ് എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഈ അനാസ്ഥ തുടരുന്നതെന്നും ട്രേഡ് യൂണിയൻ നേതാക്കളും വാർഡ് മെമ്പറും പരാതി അറിയിച്ചു.
ഒടിഞ്ഞു വീണ മരം ഇലക്ട്രിക്ക് പോസ്റ്റിൽ പതിച്ച് പോസ്റ്റ് ഒരു ലയത്തിനുള്ളിലേക്കാണ് ഒടിഞ്ഞ് വീണത്. ഭാഗ്യം കൊണ്ട് മാത്രമാണ് ലയത്തിനുള്ളിൽ കഴിഞ്ഞ കുടുംബം രക്ഷപെട്ടത്. തകർന്ന ലങ്ങളുടെ അറ്റകുറ്റപ്പണികൾക്കൊപ്പം തങ്ങളുടെ ഗൃഹോപകരണങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളും പരിഹരിക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.