മാട്ടുക്കട്ട എസ് ആർ ഓട്ടോ ഗ്യാരേജിന് മുകളിലേക്ക് ഭീമൻ മരം കടപുഴകി വീണ് രണ്ട് വാഹനങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുകയും ഗ്യാരേജ് പൂർണ്ണമായും തകരുകയും ചെയ്തു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപെട്ടു

വ്യാഴായ്ച വൈകിട്ട് 6 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് ഭീമൻ ഈട്ടിമരം കടപുഴകി വീണത്. ഗ്യാരേജിന് മുകളിലേക്കാണ് മരം വീണത്. ഗ്യാരേജ് തകരുകയും അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന മേരികുളം സെൻ്റ് മേരീസ് സ്കൂൾ ബസിൻ്റെയും സ്വകാര്യ വ്യക്തിയുടെ ലോറിയുടെയും മുൻവശം പൂർണ്ണമായും തകരുകയും ചെയ്തു.വലിയ ശബ്ദം കേട്ടപ്പോൾ തൊഴിലാളികളും നടത്തിപ്പുകാരൻ ഷിബുവും ഓടി രക്ഷപെട്ടതിനാൽ ജീവൻ രക്ഷിക്കാനായി.
വർഷങ്ങൾ പഴക്കമുള്ള ഈട്ടിമരമാണ് കടപുഴകിയത്. മരം കടപുഴകുന്നതിന് അര മണിക്കൂർ മുമ്പ് ഇവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ബസ് മാറ്റിയതിനാൽ നഷ്ടത്തിൻ്റെ വ്യാപ്തി കുറഞ്ഞു.മാട്ടുക്കട്ട സ്വദേശി ഷിബുവിൻ്റെ ഉടമസ്ഥതയിലുള്ള ഗ്യാരേജാണ് തകർന്നത്. ഗ്യാരേജ്ജിനും വാഹനങ്ങൾക്കുമായി ലക്ഷങ്ങളാണ് നഷ്ടമായിരിക്കുന്നത്.
വലിയ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന വർക്ക് ഷോപ്പാണ്. ഇവിടെ രണ്ട് വാഹനങ്ങൾ മാത്രമെ നിർത്തി പണിയെടുക്കാൻ കഴിയൂ. അതിനാൽ കൂടുതൽ വാഹനം ഇല്ലായിരുന്നു.ഈ മരം വെട്ടി നീക്കണമെന്ന് നിരവധി തവണ വനം വകുപ്പിനോടഭ്യർത്ഥിച്ചതാണ്. വനം വകുപ്പ് നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു എന്നും ഇവർ പറയുന്നു.