ഇടവപാതി തുടരുന്നതിനിടെ തുടര്‍ച്ചയായ നാലാം ദിവസവും ഹൈറേഞ്ച് മേഖല ഇരുട്ടില്‍

അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മരുതുംപേട്ട, ഹെവന്‍വാലി മേഖലകളില്‍ ഞായറാഴ്ച്ച നഷ്ടമായ വൈദ്യുത ബന്ധം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഒറ്റപ്പെട്ടയിടങ്ങളിലും സ്ഥിതി ഇതു തന്നെ. 4 ദിവസമായി വൈദ്യുതി ഇല്ലാതെ വന്നതോടെ മൊബൈല്‍ ഫോണുകള്‍ അടക്കം നിശ്ചലമായി. പലരും പകല്‍ സമയങ്ങളില്‍ ടൗണുകളില്‍ ജനറേറ്ററുള്ള സ്ഥാപനങ്ങളിലെത്തിയാണ് മൊബൈല്‍ ഫോണുകള്‍ അടക്കം ചാര്‍ജ് ചെയ്യുന്നത്.
പിഞ്ചു കുട്ടികളും വാര്‍ധക്യമുള്ളവരും രോഗികളുമുള്ള വീടുകളിലെ സ്ഥിതിയാണ് ഏറെ ദുരിതം. തണുത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കേണ്ട മരുന്നുകള്‍ അടക്കം കേടായതായി ആളുകള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലും മഴ സമയത്ത് വൈദ്യുതി മുടങ്ങാറുണ്ടെങ്കിലും തൊട്ടടുത്ത ദിവസം ഇത് പുനസ്ഥാപിക്കുന്നതാണ് പതിവ്.
എന്നാല്‍ ഇത്തവണ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ വൈകുന്നത് ജനജീവിതം തന്നെ സ്തംഭിപ്പിച്ചിരിക്കുകയാണ്. മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ജല വിതരണ പദ്ധതികളും അവതാളത്തിലായി. പലയിടത്തും കുടിവെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതോടെ മഴ വെള്ളം ഉപയോഗിച്ചാണ് പലരും ഭക്ഷണം പോലും പാകം ചെയ്യുന്നത്.
അതോടൊപ്പം മഴക്കാലത്തിനു മുമ്പേ ടച്ച് പെട്ട് അടക്കമുള്ള നടപടികൾ ചെയ്യാത്തതിനാൽ പലയിടങ്ങളിലും വൈദ്യുത പോസ്റ്റുകളിലേക്കും ലൈനുകളിലേക്കും മരച്ചില്ലകൾ ഒടിഞ്ഞുവീഴുന്നത് പതിവായിരിക്കുകയാണ്. അതോടൊപ്പം മരച്ചില്ലകൾ വൈദ്യുതി ലൈനുകൾ തട്ടിനിൽക്കുന്നത് വൈദ്യുതി മുടങ്ങുന്നതിനും കാരണമാകുന്നു.
കട്ടപ്പന നഗരസഭയുടെ ചുറ്റുപാടുകളിൽ വൈദ്യുതി മുടക്കം സ്ഥിരമായതോടെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും ശക്തമാകുന്നു. മണ്ണിടിച്ചിൽ അടക്കമുള്ള അടിയന്തര സാഹചര്യത്തിൽ മറ്റുള്ളവരെ ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ല എന്നും ആളുകൾ പരാതിപ്പെടുന്നു.