നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ അഞ്ചുരുളി റോഡിനായി അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രദേശവാസികൾ രംഗത്ത്

നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് അഞ്ചുരുളി റോഡിന്റെ നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചത്. പാത തീർത്തും ദുർഘടമായതോടെ പ്രദേശവാസികൾ ഉൾപ്പെടെ പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും റോഡിന്റെ നവീകരണത്തിനായി നാല്പതു ലക്ഷം രൂപ അനുവദിച്ചു.
കക്കാട്ടുകട മുതൽ മൂന്നരയോളം കിലോമീറ്റർ ദൂരമുള്ള റോഡ് പൂർണ്ണമായി തകർന്നു കിടക്കുകയാണ്. അനുവദിച ഫണ്ട് ചിലവഴിച്ച് റോഡ് പൂർണ്ണമായും ടാർ ചെയ്യാൻ സാധിക്കില്ല. പ്രധാനപ്പെട്ട ഭാഗങ്ങളിൽ ടാർ ചെയ്ത് പാത ഗതാഗതയോഗ്യമാക്കേണ്ട സാഹചര്യത്തിലാണ് കരാറുകാരൻ അനാവശ്യ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഫണ്ട് ചിലവഴിക്കുന്നത് എന്നാണ് നാട്ടുകാരുടെ പരാതി.
അനുവദിച്ച തുകയ്ക്ക് റീടാറിങ് നടത്താതെ നിലവിൽ ആവശ്യമില്ലാത്ത കോൺഗ്രീറ്റിംഗ് പണികൾ പുതുതായി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് മാത്രം നടത്തി ഫണ്ട് ഇല്ലാതാക്കാനുള്ള തട്ടിപ്പാണ് നിലവിൽ നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അതോടൊപ്പം മഴ ആരംഭിച്ച സാഹചര്യത്തിലാണ് നിർമ്മാണ പ്രവർത്തനവുമായി കരാറുകാരൻ എത്തിയിരിക്കുന്നത്.
ഫാസി വളവ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണും പഴയ കോൺക്രീറ്റും നീക്കം ചെയ്തു. മഴ പെയ്തതോടെ ഇതുവഴി ഉള്ള യാത്ര പൂർണമായി തടസ്സപ്പെടുത്തുന്നതിനും കാരണമായേക്കാം. അതോടൊപ്പം മണ്ണ് ഇളക്കിയ ഭാഗത്ത് മണ്ണൊ ലിപ്പ് ഉണ്ടാകുകയും മേഖലയിലെ ഇരുപതോളം കുടുംബങ്ങൾ ഒറ്റപ്പെടുന്ന സ്ഥിതിയിലേക്ക് എത്തുമെന്നും നാട്ടുകാർ പറയുന്നു.
ജില്ലാ കളക്ടർ ദുരന്തനിവാരണ മുന്നറിയിപ്പ് നൽകി ഖനനപ്രവർത്തികൾ തടഞ്ഞതിനുശേഷം നിരുത്തരവാദിത്വമായി റോഡ് നിർമ്മാണത്തിനായി നടത്തിയ പ്രവർത്തനങ്ങൾ ഗൗരവമായി കാണണമെന്നും നിലവിലെ റോഡ് കുത്തിപ്പൊളിച്ച് യാത്രാ യോഗ്യമല്ലാതാക്കിയതിന് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു.
മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി അടക്കം നിലനിൽക്കുന്നതാണ്.അതോടൊപ്പം അഞ്ചുരുളി കേന്ദ്രീകരിച്ച് ഏത് സമയത്തും ഫയർഫോഴ്സ് അടക്കം എത്തുന്ന വഴിയാണ് ഇത്തരത്തിൽ കരാറുകാരൻ ദുർഘടമാക്കിയത്. കോൺക്രീറ്റ് അടക്കമുള്ള പണികൾ ഇനി ചെയ്യണമെങ്കിൽ മഴ മാറേണ്ട സാഹചര്യമാണ്. അതിനായി ഇനി മാസങ്ങളും കാത്തിരിക്കണം.