കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ കാഞ്ചിയാർ അഞ്ചുരുളിയിൽ മുട്ടത്ത് ജോസഫ് വർഗീസിൻ്റെ വീടിൻറെ പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞ് കിടപ്പ് മുറി അപകടാവസ്ഥയിൽ

കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മഴയെ തുടർന്നാണ് കാഞ്ചിയാർ അഞ്ചുരുളി മുട്ടത്ത് ജോസഫ് വർഗീസിന്റെ വീടിൻറെ പിൻഭാഗത്തെ മൺതിട്ട ഇടിഞ്ഞ് കിടപ്പുമുറി അപകടാവസ്ഥയിലായത്. വീടിൻ്റെ ഭിത്തി തകരുകയും മറ്റു ഭാഗങ്ങളിലേക്ക് വിള്ളൽ ഉൾപ്പെടെ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഈ മുറി ഉപയോഗശൂന്യമായി മാറി.
കഴിഞ്ഞദിവസം രാവിലെ ചെറിയതോതിൽ മണ്ണ് ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വൈകുന്നേരം ഇവർ ബന്ധു വീട്ടിലേക്ക് താമസം മാറിയിരുന്നു. പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മണ്ണ് ഇടിഞ്ഞു വീണ വിവരം അറിയുന്നത്.
വീടിൻറെ പിൻഭാഗത്ത് വലിയ മൺതിട്ടയാണ് നിലകൊള്ളുന്നത്.മഴ ശക്തമായി തുടരുകയാണെങ്കിൽ കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.നിലവിൽ വീട് അപകടാവസ്ഥയിലാണ് നിലകൊള്ളുന്നത്.