കാലവർഷത്തിന് തുടക്കത്തിൽ തന്നെ കലിതുള്ളി കട്ടപ്പനയാർ ; ശക്തമായ മഴയിൽ കട്ടപ്പനയുടെ വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടം

മൺസൂൺ തുടങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വിവിധ ഇടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്യുന്നത്. കട്ടപ്പന നഗരസഭയിലും ചുറ്റുപാടും ശക്തമായ മഴയാണ് ഏതാനും ദിവസമായി ലഭിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച പുലർച്ചെ മുതൽ അതിശക്ത മഴയും ശക്തമായ കാറ്റുമാണ് മേഖലയിൽ അനുഭവപ്പെടുന്നത്. തിങ്കളാഴച പുലർത്തിയോടെയാണ് കട്ടപ്പനയാറ്റിൽ അതി ശക്തമായ ജലമോഴുക്ക് തുടങ്ങിയത്.
മുൻവർഷങ്ങളിലും ഇത്തരത്തിൽ കട്ടപ്പനിയാർ കലങ്ങിമറിഞ്ഞൊഴുകിയിട്ടുണ്ടെങ്കിലും മൺ സൂണിന്റെ തുടക്കത്തിലെ ഇത് ആദ്യമായിട്ടാണ്. വിവിധ മേഖലകളിൽ കരകവിഞ്ഞാണ് ആർ ഒഴുകുന്നത്. അതോടൊപ്പം കട്ടപ്പനയാറ്റിലേക്ക് വന്നുചേരുന്ന വിവിധ കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പല ഇടങ്ങളിലും പാലങ്ങളോടൊപ്പം ജലനിരപ്പ് ഉയർന്നു. ആറിന്റെ തീരത്ത് ഉള്ള വിവിധ കൃഷിയിടങ്ങളിലും വെള്ളം കയറി.
ശക്തമായ കാറ്റിൽ വിവിധയിടങ്ങളിലാണ് മരങ്ങൾ കടപുഴകി വീഴുകയും മരച്ചില്ലകൾ ഒടിഞ്ഞുവീഴുകയും ചെയ്തിരിക്കുന്നത്. അടിമാലി കുമളി ദേശീയപാതയിൽ കരിമ്പാനിപ്പടി ബൈപ്പാസ് റോഡിനു സമീപവും ചപ്പാത്തിലും ഭീമൻ മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് ഇവ നീക്കം ചെയ്തത്.
അതിനോടൊപ്പം ദേശീയപാതയിൽ ഇടുക്കി സമീപം ഉണ്ടായിരിക്കുന്ന വെള്ളക്കെട്ട് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുന്നു. ഓടയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലം വലിയ വെള്ളക്കെട്ടാണ് പാതിയിൽ ഉണ്ടായിരിക്കുന്നത്. മേട്ടുകുഴിയിലും കടശ്ശികടവിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
കുന്തളംപാറ കാവുംപടി പി കെ ഷാജിയുടെ ഉടമസ്ഥതയുള്ള വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ മുസ്ലിം പള്ളിക്ക് സമീപം ഉച്ചതിരിഞ്ഞ് രണ്ടേ മുക്കാലോടെ സ്വകാര്യ വസ്ത്ര വ്യാപാര ശാല പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി നിലം പതിച്ചു. കട്ടപ്പന നഗരസഭയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വേണ്ട മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
ഇരട്ടയാർ ഈട്ടിത്തോപ്പിലും, വെടിക്കാമറ്റത്തും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടിഞ്ഞ മലയിൽ വൈദ്യുത പോസ്റ്റ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് പതിച്ച് അപകടമുണ്ടായി. ശക്തമായ കാറ്റാണ് മേഖലയിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇരട്ടയാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചു.
കാഞ്ചിയാർ പഞ്ചായത്തിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. നിലവിൽ കളക്ടറുടെ നിർദ്ദേശപ്രകാരം ജലാശയങ്ങളിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുകയാണ്. മഴ ശക്തമായാൽ അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തും. നിലവിൽ അഞ്ചുരുളിയിലേക്കുള്ള പാതയുടെ ഭാഗമായ ജോണിക്കട പാലത്തിൽ വെള്ളം കയറി.
മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് പണികൾ പുരോഗമിക്കുന്ന ചപ്പാത്ത് അടക്കമുള്ള ഇടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ മരച്ചില്ലകളടക്കം ഒടിഞ്ഞുവീഴുന്ന സാഹചര്യത്തിൽ വൈദ്യുതി തടസ്സവും ഉണ്ടാകുന്നു. അതോടൊപ്പം റോഡിൽ മഴവെള്ളത്തിൽ ഒലിച്ചുവന്ന ചെളിയും കല്ലുകളും ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽ പെടുന്നതിനും കാരണമാകുന്നു.