കാഞ്ചിയാർ പള്ളിക്കവല പേഴുംകണ്ടം അഞ്ചുരുളി റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രദേശവാസികൾ രംഗത്ത്. കൊച്ചുകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ റോഡിലെ ചെളികുഴിയിൽ വാഴനട്ട് പ്രതിഷേധം നടത്തി

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാർഡിൽ ഉൾപ്പെട്ടതും 5, 6 വാർഡുകളുടെ നടുവിലൂടെ കടന്നുപോകുന്നതുമായ പള്ളിക്കവല പേഴുംകണ്ടം അഞ്ചുള്ളി റോഡാണ് വർഷങ്ങളായി ശാപമോക്ഷം കാത്ത് കിടക്കുന്നത്. നിലവിൽ ഒന്നര കിലോമീറ്റർ പൂർണമായി തകർന്നു കിടക്കുകയാണ്. ഒപ്പം മഴ ആരംഭിച്ചതോടെ വെള്ളക്കെട്ടും രൂക്ഷമായി. കാൽനടയാത്ര പോലും ദുസഹമായതോടെയാണ് പ്രദേശവാസികൾ പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ പ്രതിഷേധവുമായി എത്തി. റോഡിലെ വെള്ളകെട്ടിൽ പ്രദേശവാസികൾ വാഴനട്ടു.
അധികാരികളെ റോഡിന്റെ ദുരവസ്ഥ പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. മേഖലയിലെ അംങ്കണവാടി കുട്ടികളും സ്കൂൾ കുട്ടികളും ഉൾപ്പെടെയുള്ളവർ ഈ ദുർഘട പാത താണ്ടി വേണം യാത്ര ചെയ്യാൻ. കൂടാതെ മേഖലയിൽ അധിവസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്കും പുറംലോകത്തേക്ക് എത്താൻ ഈ പാതയാണ് പ്രധാന ആശ്രയം.
വോട്ട് മേടിക്കാൻ മാത്രമാണ് അധികാരികൾക്ക് സാധിക്കുന്നത്.എംഎൽഎ ഫണ്ട് എന്ന് പറഞ്ഞ് ജനപ്രതിനിധികൾ തലയൂരുന്നതിനൊപ്പം റോഡിന്റെ കാര്യത്തിൽ നാടകീയ രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് നാട്ടുകാരുടെ പരാതി.
തുടർച്ചയായി അപകടങ്ങൾ ഉണ്ടായിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ല. പഞ്ചായത്തിൽ അന്വേഷിക്കുമ്പോൾ ടെൻഡർ ആയി എന്നാണ് മറുപടി ലഭിക്കുന്നത്. അതേ സമയം കരാറുകാരൻ ഈ പാതയ്ക്ക് ടെൻഡർ എടുത്തിട്ടില്ല എന്നാണ് പറയുന്നത്. 20 ലക്ഷം രൂപ അനുവദിച്ചു എന്നു പറയുമ്പോഴും ഇനി എന്ന് റോഡ് പണിയുമെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
ടാക്സി വാഹനങ്ങൾ വിളിച്ചാൽ ഈ പാതയിലൂടെ കടന്നുവരാത്ത സ്ഥിതിയാണ്. ഇതോടെ ആശുപത്രി ആവശ്യങ്ങൾക്കടക്കം ഏറെ ബുദ്ധിമുട്ടാണ് മേഖലയിലെ ആളുകൾ നേരിടുന്നത്. കൂടാതെ സ്കൂൾ ബസ്സുകൾ അടക്കം ഈ ദുർഗട പാതിയിലൂടെയാണ് കടന്നുവരുന്നത്. വിവിധ ആരാധനാലയങ്ങളിലേക്കും ആളുകൾ ഈ പാതയിലൂടെ വേണം യാത്ര ചെയ്യാൻ.ഓട്ടോ ടാക്സി വാഹനങ്ങൾക്കും മേഖലയിലുള്ളവരുടെ സ്വകാര്യ വാഹനങ്ങൾക്കും അറ്റകുറ്റപ്പണിയും സ്ഥിരം ആകുന്നു എന്നും പരാതിയുണ്ട് . കരാറുകാരന്റെ അലംഭാവത്താൽ പണി നടക്കാത്തതാണെങ്കിൽ കരാറുകാരനെ കരിമ്പട്ടികൾ ഉൾപ്പെടുത്തണം എന്നും നാട്ടുകാർ പറയുന്നു. സമരത്തിന്റെ ഒന്നാം ഘട്ടം എന്നോണം ആണ് വാഴ നട്ട് പ്രതിഷേധം അറിയിച്ചത്.
തുടർന്ന് പഞ്ചായത്ത് അധികാരികൾ ജില്ലാ കളക്ടർ എന്നിവർക്ക് യുവഭാരത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളും പ്രദേശവാസികളും ചേർന്ന് ഒപ്പിട്ടു നൽകിയ പരാതി നൽകും. വീണ്ടും മുഖം തിരിക്കുന്ന സമീപനം തുടർന്നാൽ പ്രദേശവാസികൾ ഒന്നാകെ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്നും മുന്നറിയിപ്പ് നൽകി.