ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ നവീകരിച്ച ആധുനിക മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി റിസോഴ്സസ് സെൻ്ററിൻ്റെ ഉദ്ഘാടനം നടന്നു

കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ ഇടുക്കി ജില്ല മുൻപന്തിയിലാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎം മണി എംഎൽഎ പറഞ്ഞു. ഇതിൽ റോഡുകളുടെ വികസനമാണ് എടുത്തുപറയേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉത്പാദനത്തിൽ മുൻപന്തിയിലാണ് ഇടുക്കി ജില്ല എന്നാൽ ഡാം ഉൾപ്പെടെ ഉള്ളവ വന്നതോടെ ഇടുക്കി ജില്ലയുടെ ഭൂപ്രദേശം കുറഞ്ഞു പോയതായും എം എം മണി പറഞ്ഞു.
ഇരട്ടയാർ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കേരളത്തിനും രാജ്യത്തിനും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഉണ്ടായിരുന്ന ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ എംസിഎഫ് ൽകൂടുതൽ സ്ഥലസൗകര്യങ്ങൾ ഒരുക്കി മികച്ച രീതിയിൽ ആക്കുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 13 ലക്ഷത്തി 80,000 രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഇതിൽ ശുചിത്വമിഷൻ 10 ലക്ഷം രൂപയും പഞ്ചായത്ത് 3 ലക്ഷത്തി 80,000 രൂപയും വകയിരുത്തി.ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ രാജ്യ ശ്രദ്ധ ആകർഷിച്ചതോടെ വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകളാണ് ഇത് പഠനവിധേയമാക്കാൻ എത്തുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ട് ഒരു പഠന കേന്ദ്രമാക്കി ഈ എംസിഎഫിനെ മാറ്റാനും പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട് ഇതിൻറെ ഭാഗമായി ആണ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതും.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ അധ്യക്ഷൻ ആയിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസുകുട്ടി കണ്ണമുണ്ടയിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി സജി മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ജീവനക്കാർ ഹരിത കർമ്മ സേന അംഗങ്ങൾ പഞ്ചായത്തിലെ വിവിധ ഘടക സ്ഥാപനത്തിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.