ചിന്നക്കനാലില്‍ കാട്ടാന അക്രമണം രൂക്ഷമാകുമ്പോളും ആര്‍ ആര്‍ ടി സംഘത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ വനം വകുപ്പ്

ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാട്ടാന അക്രമണം രൂക്ഷമായ ചിന്നക്കനാലില്‍ നിരവധി ആളുകളുടെ മനുഷ്യ ജീവന്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ട് പ്രത്യേക ആര്‍ ആര്‍ ടി സംഘത്തെ നിയോഗിച്ചത്. വാഹനവും മറ്റ് എല്ലാവിധ സൗകകര്യങ്ങളോടും കൂടിയാണ് ആര്‍ ആര്‍ ടി സംഘത്തെ പ്രക്യാപിച്ചതെങ്കിലും വാഹനം എത്തിച്ച് ഒരു സംഘത്തെ നിയോഗിച്ചു എന്നതല്ലാതെ മറ്റൊരു സംവിധാനങ്ങളും ഇവര്‍ക്ക് നല്‍കിയിട്ടില്ല. മാത്രവുമല്ല നിലവില്‍ വാഹനത്തിന് ഇന്ധനം നിറയ്ക്കുന്നതിന് പോലും വകുപ്പില്‍ പണം ലഭിക്കുന്നില്ലെന്നാണ് വിവരം.
വാഹനത്തിന് ഇന്ധനം നിറച്ച ഇനത്തില്‍ കഴിഞ്ഞ മാര്‍ച്ച് വരെ അമ്പത്തി അയ്യായിരം രൂപയാണ് കുടിശിഖയുള്ളത്. വാഹനത്തിന്‍റെ സര്‍വ്വീസ് നടത്തിയതില്‍ ഇരുപത്തി മൂവായിരവും, ടയറ് മാറിയ ഇനത്തില്‍ മുപ്പത്തി അയ്യായിരവും നല്‍കാനുണ്ട്. ഈ തുകയാകെ ഉദ്യോഗസ്ഥര്‍ കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഇത് കൂടാതെ പടക്കവും മറ്റും വാങ്ങിയ ഇനത്തില്‍ പതിനായിരം രൂപയും സര്‍ക്കാര്‍ നല്‍കാനുണ്ട്.
കാട്ടാനയെ ഓടിക്കുന്നതിന് വേണ്ടിയുള്ള പഠക്കങ്ങള്‍ പോലും നാട്ടുകാരും ചില സംഘടനകളുമാണ് എത്തിച്ച് നല്‍കുന്നത്. ആര്‍ ആര്‍ ടി സംഘത്തിലുള്ള വാച്ചര്‍മാരുടെ കയ്യില്‍ ആകെയുള്ളത് ഇവര്‍ കാട്ടില്‍ നിന്ന് വെട്ടിയെടുത്ത് വടിമാത്രമാണ്. രാത്രികാലത്ത് ആനയെ നിരീക്ഷിക്കാന്‍ വെളിച്ചമുള്ള ടോര്‍ച്ചോ ഹെഡ് ലൈറ്റുകളോ ഇല്ല.
ചുരുക്കി പറഞ്ഞാല്‍ പേരിന് മാത്രമൊരു ആര്‍ ആര്‍ ടി സംഘമാണ് നിലവില്‍ ചിന്നക്കനാലില്‍ ഉള്ളത്. ആര്‍ ആര്‍ ടി ആരംഭിച്ചതിന് ശേഷം ഇതുവരെ ഇവര്‍ യൂണിഫോം പോലും നല്‍കിയിട്ടില്ല. വനം വകുപ്പ് മന്ത്രി പ്രക്യാപിച്ച ആര്‍ ആര്‍ ടിയില്‍ ആകെയുള്ളത് ഉദ്യോഗസ്ഥര്‍ കയ്യില്‍ നിന്ന് പണം മുക്കി ഓടിക്കുന്ന ഒരു വാഹനം മാത്രം.