കരിദിനം; എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ ദിനമായ മെയ് 20ന് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കരിങ്കൊടി പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ

സംസ്ഥാന സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായി 100 കോടിയിലധികം രൂപ ചെലവഴിച്ച് നടത്തുന്ന ആഘോഷങ്ങളിലെ ധൂർത്തിലും ആഡംബരത്തിലും പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ജില്ലാ വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ: എം ജെ ജേക്കബും അറിയിച്ചു. സർക്കാർ ആശുപത്രികളിൽ മരുന്നും മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളും സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്ക് അരിയും നൽകാൻ പണമില്ലാത്ത സർക്കാരാണ് പണം കടമെടുത്ത് മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത്.
ചികിത്സ ആനുകൂല്യങ്ങൾ, ക്ഷാമബത്തകൾ, കാർഷികോല്പന്നങ്ങളുടെ വില ഇവയൊന്നും ലഭിക്കാതെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. ജില്ലയിലെ കർഷകർക്ക് വേണ്ടി പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ച് കഴിഞ്ഞ നാലുവർഷമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പലിശയ്ക്ക് പണം എടുത്ത് മുഖ്യമന്ത്രിയുടെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചും ശീതീകരിച്ച പന്തലുകൾ കെട്ടിയും ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് നടത്തുന്ന ആഘോഷ പരിപാടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ ദിനമായ മെയ് 20ന് വൈകിട്ട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കരിങ്കൊടി പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.