അടിമാലിയിൽ 4 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം: ഷോർട്ട് സർക്യൂട്ട്?; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു

ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ വരുന്ന പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീപിടിച്ചത് വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ സ്ഥലത്തെത്തിയ ഫൊറൻസിക് സംഘത്തിന്റ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപടർന്നതായുള്ള സൂചനകൾ ലഭിച്ചത്. വീട്ടിൽനിന്നു മറ്റ് മൂന്നു പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെടുത്തു.
പൊലീസും ഡോഗ് സ്ക്വാഡും രാവിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (4), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. ഇതിൽ അഭിനവിന്റെ മൃതദേഹം നാട്ടുകാർ ഇന്നലെ രാത്രിയോടെ കണ്ടെത്തിയിരുന്നു.
മൃതദേഹങ്ങൾ കൂടുതൽ പരിശോധനകൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വീട്ടിൽ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.