കട്ടപ്പന പൊതുമാർക്കറ്റ് നവീകരണം: വ്യാപാരികൾക്ക് സമയം അനുവദിക്കണം: വ്യാപാരി വ്യവസായി സമിതി നിവേദനം നൽകി

കട്ടപ്പന പൊതു മാർക്കറ്റിലെ ഉൾപ്പടെ വിവിധ റോഡുകൾ തകർന്നു കിടക്കുന്നതിൽ വ്യാപാരി വ്യവസായി സമിതി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട്. അതോടൊപ്പം ഇവ പരിഹരിക്കപ്പെടണം എന്ന് കാണിച്ച് നിരവധി നിവേദനങ്ങളും നൽകി. തുടർന്നാണ് നഗരസഭ പൊതു റോഡുകളും പൊതുമാർക്കറ്റിലെ റോഡുകളും നവീകരിക്കുന്നത്. വെള്ളി രാത്രിയിൽ പണികൾ ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.
എന്നാൽ വേണ്ടത്ര അറിയിപ്പുകൾ വ്യാപാരികൾക്ക് ലഭിക്കാത്തതിനാൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ അടക്കം മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയും പൊടിപടലങ്ങൾ പടർന്ന് വ്യാപാര വസ്തുക്കളിലേക്ക് എത്തുകയും ചെയ്യും.
ആയതിനാൽ വ്യാപാരികൾക്ക് മുന്നൊരുക്കങ്ങൾ നടത്തുന്നതിന് സമയം നൽകണമെന്ന് കാണിച്ചാണ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്.ഇടശ്ശേരി ജംഗ്ഷൻ പുതിയ ബസ് സ്റ്റാൻഡ് റോഡിലെ നവീകരണ പ്രവർത്തനം ആരംഭിച്ചു. ഇതോടെ കട്ടപ്പന ബാല ആശുപത്രിയുടെ മുൻപിലൂടെയുള്ള റോഡിലൂടെയാണ് ബസ്സുകൾ ഉൾപ്പെടെയുള്ളവ ബസ്റ്റാന്റിലേക്ക് എത്തുന്നത്.
വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത്തിനാൽ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. കോൺട്രാക്ടറുമായും മറ്റ് കൗൺസിലർമാരും ഉദ്യോഗസ്ഥരുമായും ചർച്ചചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ നേതൃത്വം മറുപടി നൽകി.