കട്ടപ്പനയിൽ മകന്റെ ക്രൂരമർദനത്തിനിരയായ വൃദ്ധയ്ക്ക് വീണ്ടും നീതി നിഷേധം: മുറിയിലേക്കുള്ള വൈദ്യുതി മരുമകൾ വിച്ഛേദിച്ചതായി പരാതി

കഴിഞ്ഞ ഏപ്രിൽ 23നാണ് 75 കാരിയായ കൊല്ലപ്പള്ളി കമലമ്മയെ മകൻ പ്രസാദ് കോടാലി ഉപയോഗിച്ച് മർദ്ദിച്ചത്. മകനും ഭാര്യയും കമലമ്മയും തമ്മിൽ മുൻപ് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള കേസുകൾ കോടതിയിലും ആണ്. തുടർന്ന് ഏപ്രിൽ 23ന് രാവിലെ വാക്കുതർക്കം ഉണ്ടാകുകയും പ്രസാദ് കമലമ്മയെ കോടാലി ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ആയിരുന്നു.
തുടർന്ന് പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രസാദ് നിലവിൽ ജയിലിൽ കഴിയുകയാണ്. ബുധനാഴ്ച ഉച്ചയോടെ കമലമ്മയെ ചികിത്സയ്ക്കുശേഷം നാട്ടുകാരും വാർഡ് കൗൺസിലറും വീട്ടിലെത്തിച്ചു. പ്രസാദ് താമസിക്കുന്ന വീടിന്റെ ഒരു മുറിയിൽ പുറത്തേക്കുള്ള വാതിൽ നിർമിച്ചാണ് കമലമ്മ കഴിയുന്നത്. ഈ മുറിയിലേക്കുള്ള വൈദ്യുതിയാണ് പ്രസാദിന്റെ ഭാര്യ ഓഫ് ചെയ്തത്. ഇതോടെ വൈദ്യുതിയും വെള്ളവുമില്ലാതെ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന വയോധിക പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
വിഷയത്തിൽ പോലീസ് അധികാരികൾക്ക് പരാതി നൽകി. കമലമ്മയുടെ മൊഴിയിൽ മരുമകൾ സ്ഥിരമായി ഉപദ്രവിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.ഇതുപ്രകാരം മരുമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മകന്റെയും മരുമകളുടെയും ഭാഗത്തുനിന്നും വയോധിക നേരിടുന്ന ശാരീരിക പീഡനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കളക്ടർ അടക്കമുള്ള ഉന്നതാധികാരികൾക്ക് നാട്ടുകാരും കൗൺസിലറും പരാതി നൽകി. ഇതിൽപ്രകാരം വില്ലേജ് ഓഫീസ് അധികൃതർ വീട്ടിൽ സന്ദർശനം നടത്തുകയും ചെയ്തു.
എന്നാൽ ഇത്തരത്തിൽ സന്ദർശനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും വയോധികക്ക് നീതി ലഭിക്കുന്നില്ല എന്നുമാണ് പരാതി. കാലിനും കൈയ്ക്കും പരിക്കേറ്റ വയോധിക മുന്നോട്ട് എങ്ങനെ ജീവിക്കും എന്നതിലും നാട്ടുകാർക്ക് ആശങ്കയാണ്. അർഹതപ്പെട്ട നീതി കമലമ്മയ്ക്ക് ലഭ്യമാക്കണം എന്നുള്ള ആവശ്യമാണ് ശക്തമാകുന്നത്.