കട്ടപ്പന ആറിൽ രാസവസ്തു കലർന്ന സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്

കട്ടപ്പന മുതൽ കാഞ്ചിയാർ അഞ്ചുരുളി വരെയുള്ള ആറിന്റെ തീരപ്രദേശങ്ങളിൽ ഉള്ള കുടിവെള്ള പദ്ധതികൾ അടക്കം ആറുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ആളുകൾ അലക്കുന്നതിനും മറ്റുമായി ഈ വെള്ളം നിലവിൽ ഉപയോഗിക്കുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി കട്ടപ്പന നഗരസഭയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ടുവച്ചിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് കട്ടപ്പന ആറിൽ രാസവസ്തു കലർന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ ആറിൽ ഉണ്ടായിരുന്ന മീനുകളെല്ലാം ചത്തുപൊങ്ങി വലിയ ദുർഗന്ധവും വമിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗവും കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അധികൃതരും പരിശോധന നടത്തി.
വെള്ളത്തിൽ രാസവസ്തു കലർന്നതാണ് കാരണമെന്ന നിഗമനത്തിലാണ് ഇവർ എത്തിയിരിക്കുന്നത്. എന്നാൽ ഇതിന് ഉത്തരവാദികളെ കണ്ടെത്താൻ ഇതുവരെയും ആയിട്ടുമില്ല.ഈ വിഷയത്തിലാണ് നടപടി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മുന്നോട്ടുവന്നിരിക്കുന്നത്.