കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ പൈപ്പ് പൊട്ടി മലിനജലം ഒഴുകുന്നുവെന്ന് പരാതി

നഗരത്തിന്റെ ഹൃദയഭാഗത്താണ് പൈപ്പ് പൊട്ടി മലിനജലം ഒഴുകുന്നത്. മേഖലയിലെ കെട്ടിടങ്ങൾക്കിടയിലൂടെയുള്ള പൈപ്പ് പൊട്ടിയാണ് മലിനജലം പുറത്തേക്ക് എത്തുന്നത്. ഇതോടെ വലിയ ദുർഗന്ധമാണ് വമിക്കുന്നത്. ഇത് മേഖലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളെ അടക്കം പ്രതിസന്ധിയിലാക്കി.
ഏതാനും ദിവസമായി ഇത്തരത്തിൽ മലിനജലം ഒഴുകുകയാണ്. കക്കൂസ് മാലിന്യമാണ് എന്നാണ് വ്യാപാരികൾ പറയുന്നത്. വിഷയം നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. രാത്രിയാകുന്നതോടെ ഇവിടെ തട്ടുകടകൾ അടക്കം പ്രവർത്തിക്കുന്നതാണ്. ഇത്തരത്തിൽ മലിന ജലം ഒഴുകുന്നത് മാറാ രോഗങ്ങൾ അടക്കം ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു.
അതോടൊപ്പം മഴ പെയ്യുന്നതോടെ മലിനജലം പ്രധാന റോഡിലൂടെയും ആളുകൾ പൊതു മാർക്കറ്റിലേക്ക് അടക്കം എത്തുന്ന ഫുട്പാത്തിലൂടെയും ആണ് ഒഴുകുന്നത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.