കട്ടപ്പന അമ്പലകവല റോഡിൽ അപകടങ്ങൾ തുടർകഥയാകുന്നു
അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന അമ്പലക്കവല റോഡിലാണ് അപകടങ്ങൾ വർധിക്കുന്നത്. ദേശീയപാതയിലേക്ക് പാറക്കടവ് ബൈപാസ് ചേർന്ന ജംഗ്ഷനാണ് പ്രധാന അപകട കേന്ദ്രം. ഇറക്കവും വളവും ചേരുന്ന ഭാഗത്താണ് ബൈപ്പാസ് ചേരുന്നത്. ഇതുവഴിയെത്തുന്ന വാഹനങ്ങൾ തിരിഞ്ഞു പോകുന്ന സമയം മറ്റു വാഹനങ്ങളുമായി ഇടിക്കുന്നതിന് പലപ്പോഴും കാരണമായിട്ടുണ്ട്.
അതുകൂടാതെ ബൈപ്പാസിൽ നിന്നും വാഹനങ്ങൾ തിരിയുമ്പോൾ പ്രധാന ഭാഗത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ വേഗത്തിൽ ബ്രേക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. ഇതിനോടൊപ്പം ആണ് അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങളിലേക്ക് നയിക്കുന്നത്.
എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന പാതകളാണ് രണ്ടും. അതുകൊണ്ടുതന്നെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നതും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ മൂന്നുവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. അപകട സാധ്യത കുറയ്ക്കുന്ന നടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത് .






